ലഖ്നൗ: ദളിതരുടെയും പിന്നാക്ക സമുദായത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കേണ്ട ബഹുജന്‍ സമാജ് പാർട്ടിക്ക് വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാഷ്ട്രീയമായി ബിഎസ്പിക്ക് ബദല്‍ തന്റെ ആസാദ് സമാജ് പാര്‍ട്ടിയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 

To advertise here,

പാര്‍ട്ടി സ്ഥാപകനായ കാന്‍ഷി റാമിന്റെ നയങ്ങളില്‍ നിന്ന് ബിഎസ്പി പിന്നോട്ട് പോയി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മായാവതിയുടെ പാര്‍ട്ടി ഭയക്കുകയാണെന്നും കേന്ദ്രത്തെ എതിര്‍ക്കേണ്ട സ്ഥലത്ത് പോലും അവര്‍ അന്വേഷണങ്ങളെ ഭയന്ന് മൃദുസമീപനം സ്വീകരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിഥ്യനാഥ് നടപ്പിലാക്കുന്നത് ഏകാധിപത്യ ഭരണമാണ്. മഹാസഖ്യത്തിലൂടെ മാത്രമേ അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും ആസാദ് പറയുന്നു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പൊതുകാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യത്തിലെത്തുന്നതിന് തടസമില്ല. എന്നാല്‍ നിലവില്‍ ആരുമായും സഖ്യത്തില്‍ അല്ല. സംസ്ഥാനത്ത് സുതാര്യമായ ഭരണം നടപ്പിലാക്കുന്നതിന് സഖ്യകക്ഷി ഭരണം തന്നെയാണ് നല്ലത്. പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് അധികാരം കിട്ടുമ്പോഴാണ് ഏകാധിപത്യ സ്വഭാവം കൈവരുന്നതെന്നും ബിജെപി വിരുദ്ധ ചേരിയിലുള്ള ഏതു പാര്‍ട്ടിയുമായും സഹകരിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബിഎസ്പിയോടുള്ള എതിര്‍പ്പ് മായാവതിയോട് വ്യക്തിപരമായി ഉള്ളതല്ല. അത് ആ പാര്‍ട്ടിയുടെ നയങ്ങളോടുള്ളതാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബിഎസ്പി വലിയ ശക്തിക്ഷയം നേരിടുന്നത് കാണാനാകുമെന്നും ആസാദ് ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും ബിഎസ്പിയുടെ വോട്ട് വിഹിതം ഒരു ശതമാനത്തില്‍ താഴെയാണ്. ഇതിന് കാരണം അവരുടെ നേതാക്കള്‍ക്ക് താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യമില്ലായ്മയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ജനങ്ങളുടെ അടുത്ത് ചെന്നാല്‍ കാര്യം നടക്കില്ലെന്ന് അവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതയെക്കുറിച്ചും ആസാദ് മനസ്സ് തുറന്നു. വ്യക്തിപരമായി ആ പാര്‍ട്ടിയുമായി ഒരു പ്രശ്നവുമില്ല. എന്നാല്‍ അനീതി കണ്ടാല്‍ പ്രതികരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയും ഈ രീതിയില്‍ പ്രതികരിച്ചുവെന്നും ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് എന്നല്ല ഒരു പാര്‍ട്ടിയുമായും പ്രശ്നമില്ല. ബിജെപിയെ തടയണം എന്ന് ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'ജാതി ഉപേക്ഷിക്കൂ സമൂഹത്തെ ഒരുമിപ്പിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ബഹുജന്‍ സൈക്കിള്‍ യാത്ര സംഘടിപ്പിക്കുകയാണ് ആസാദ് ഇപ്പോള്‍. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപി നയം തടയണമെന്നും സമൂഹത്തെ ഒരുമിച്ച് നിര്‍ത്തണമെന്നുമാണ് യാത്രയിലെ ആഹ്വാനം. സാഹോദര്യവും തുല്യതയുമാണ് തന്റെ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന നയങ്ങള്‍. സംവരണ അവകാശങ്ങള്‍ ചൂഷണം ചെയ്ത് നിയമന അഴിമതിയാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും ആസാദ് ആരോപിച്ചു. 

Content Highlights: BSP has lost its identity, Azad Samaj Party alternative in UP: Chandra Shekhar Aazad