മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ മുബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ മണിക്കൂറുകള്‍ തടഞ്ഞു വച്ചു. ഷാരൂഖിന്റേയും  ഒപ്പമുണ്ടായിരുന്നവരുടേയും ബാഗേജുകളില്‍ ആഡംബര വാച്ചുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവയായി നല്‍കിയ ശേഷമാണ് താരത്തെ വിട്ടയച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച രാത്രിയിലാണ് സ്വകാര്യ വിമാനത്തില്‍ താരം മുംബൈ വിമാനത്താവളത്തില്‍ എത്തിയത്.

ഷാരൂഖ് ഖാനേയും മാനേജരേയും കസ്റ്റംസ് നടപടികള്‍ക്ക് ശേഷം പോകാന്‍ അനുവദിച്ചുവെങ്കിലും സംഘത്തിലുണ്ടായിരുന്ന താരത്തിന്റെ ബോഡിഗാര്‍ഡിനെയും മറ്റു ചിലരേയും ശനിയാഴ്ച രാവിലെയാണ് പോകാന്‍ അനുവദിച്ചത്.

18 ലക്ഷത്തോളം രൂപ വില വരുന്ന ആറ് ആഡംബര വാച്ചുകളാണ് താരത്തിന്റേയും സംഘത്തിന്റേയും ബാഗേജുകളില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

2011-ല്‍ അധിക ബാഗേജിന് ഷാരൂഖ് ഖാന്‍ മുംബൈ വിമാനത്താവളത്തില്‍ 1.5 ലക്ഷം പിഴ അടക്കേണ്ടി വന്നിരുന്നു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെള്ളിയാഴ്ചയാണ് ഷാരൂഖ് ഖാന്‍ പങ്കെടുത്തത്.  പുസ്തകോത്സവത്തില്‍ ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആന്‍ഡ് കള്‍ച്ചറല്‍ നറേറ്റീവ് അവാര്‍ഡ് താരത്തിന് സമ്മാനിച്ചിരുന്നു.