ന്യൂഡൽഹി: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി ജുമാ മസ്ജിദിൽ കോടതിയുത്തരവ് പ്രകാരമുള്ള സർവേനടപടികളെത്തുടർന്നുണ്ടായ സംഘർഷത്തിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത് മുസ്‌ലിം ഇതര വോട്ടുബാങ്ക് ധ്രുവീകരണം.

To advertise here,

മുസ്‌ലിം കഴിഞ്ഞാൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളുൾപ്പെട്ട സംഭൽ ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന വോട്ടുബാങ്ക് ദളിത് വിഭാഗമായ ജാടവ് ആണ്. ബി.എസ്.പി.യുടെ പ്രധാന വോട്ടുബാങ്കായ ജാടവ് വിഭാഗത്തിലെ വലിയൊരു വിഭാഗം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുണച്ചത് സമാജ്‌വാദി പാർട്ടിയെയാണ്. സംഭലിന്റെ സാമൂഹികഘടന സൃഷ്ടിക്കുന്ന വെല്ലുവിളികളെ മറികടന്നു കയറാൻ ശ്രമിക്കുന്ന ബി.ജെ.പി.ക്ക് ഏറ്റവും വലിയ ആയുധമാണ് ഷാഹി പള്ളി വിവാദം.

2014 ഒഴിച്ചുനിർത്തിയാൽ 1998 മുതൽ സംഭൽ ലോക്‌സഭാ മണ്ഡലത്തിൽ ജയിക്കുന്നത് എസ്.പി.യാണ്. 19.50 ലക്ഷംവരുന്ന സംഭലിലെ വോട്ടർമാരിൽ 9 ലക്ഷവും മുസ്‌ലിങ്ങളാണ്. 2.30 ലക്ഷം ദളിത് ജാടവ് വിഭാഗം. 1.40 ലക്ഷമാണ് യാദവവോട്ടർമാർ. യാദവർക്കുപുറമേ മറ്റു പിന്നാക്കക്കാരിൽപ്പെട്ട സൈനികൾ 1.15 ലക്ഷം വരും. 1.7 ലക്ഷം മുന്നാക്കവിഭാഗക്കാരുണ്ട്. ഇവരിൽ സൈനികളും മുന്നാക്കക്കാരുമാണ് പരമ്പരാഗത ബി.ജെ.പി. വോട്ടർമാർ. ഈ സാമൂഹികഘടനയാണ് ബി.ജെ.പി.ക്ക് വെല്ലുവിളിയുയർത്തുന്നത്.

ബി.ജെ.പി.ക്ക് ജയിക്കണമെങ്കിൽ മുസ്‌ലിം വോട്ടുകൾ ഭിന്നിക്കണം. 2014-ൽ ബി.എസ്.പി.യുടെ മുസ്‌ലിം സ്ഥാനാർഥി സമുദായവോട്ടുകൾ ഭിന്നിപ്പിച്ചതാണ് അന്ന് ബി.ജെ.പി.ക്ക് കടന്നുകയറാൻ വഴിയൊരുക്കിയത്. പള്ളിവിവാദത്തിലൂടെ ബി.ജെ.പി. പ്രതീക്ഷിക്കുന്ന രാഷ്ട്രീയനേട്ടം ജാടവ് വിഭാഗത്തെ ഒപ്പമെത്തിക്കാനാകുമെന്ന ചിന്തയാണ്.