ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാളിനെതിരേ ഗുരുതര ആരോപണവുമായി ബി.ജെ.പി. എം.എൽ.എയും രാജസ്ഥാൻ മുൻ സ്പീക്കറുമായ കൈലാഷ് ചന്ദ്ര മേഘ്‌വാൾ. അഴിമതിക്കാരിൽ ഒന്നാമനാണ് അർജുൻ റാം മേഘ്‌വാളെന്ന് ആരോപിച്ച കൈലാഷ് ചന്ദ്ര, അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തുവെന്ന് കൂട്ടിച്ചേർത്തു. 

To advertise here,

'അഴിമതിക്കാരിൽ ഒന്നാമനാണ് അർജുൻ മേഘ്‌വാൾ. അദ്ദേഹത്തിനെതിരേയുള്ള അഴിമതിക്കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അഴിമതിയിൽ ഉൾപ്പെട്ടിരിക്കുന്നയാളെയാണ് നിയമന്ത്രിയാക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞാൻ കത്തെഴുതിയിട്ടുണ്ട്. പാവപ്പെട്ടവനെന്നോ പിന്നോക്കക്കാരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം എല്ലാവരിൽ നിന്നും പണം വാങ്ങിയിരിക്കുന്നത്'- കൈലാഷ് ചന്ദ്ര മേഘ്‌വാൾ ഭിൽവാരയിൽ നടന്ന പൊതു പരിപാടിയിൽ വെച്ച് ആരോപിച്ചു. 

കേന്ദ്രമന്ത്രി രാഷ്ട്രീയത്തിൽ പ്രവേശിച്ചത് തന്നെ അഴിമതിക്കേസുകളിൽ നിന്ന് രക്ഷതേടിയാണെന്നും കൈലാഷ് മേഘ്‌വാൾ ആരോപിച്ചു. അദ്ദേഹം കളക്ടർ ആയിരുന്നപ്പോൾ ലക്ഷക്കണക്കിന് അഴിമതിയാണ് നടത്തിയത്. ഇപ്പോഴും അതുമായി ബന്ധപ്പെട്ട കേസുകൾ നടന്നു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.