ഇന്തോര്‍: ബംഗ്ലാദേശില്‍ നിന്നെത്തിയ തൊഴിലാളികളെ അവരുടെ ഭക്ഷണ ശീലം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയ. ബംഗ്ലാദേശികളുടെ വിചിത്രമായ ഭക്ഷണ ശീലം ശ്രദ്ധയില്‍പ്പെട്ടതോടെ അവരുടെ പൗരത്വത്തില്‍ സംശയം തോന്നിയിരുന്നതായും ബിജെപി നേതാവ് വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഇന്തോറില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വീട്ടില്‍ പുതിയ മുറിയുടെ നിര്‍മാണത്തിനായെത്തിയ ജോലിക്കാരില്‍ ചിലര്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി അവല്‍ ഭക്ഷണം മാത്രമാണ് കഴിക്കാറുള്ളത്. ഇതില്‍ സംശയം തോന്നിയപ്പോള്‍ അവരുടെ സൂപ്പര്‍വൈസറോടും കോണ്‍ട്രാക്ടറോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഇവര്‍ ഇന്ത്യക്കാരല്ല മറിച്ച് ബംഗ്ലാദേശികളാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതെന്നും കൈലാഷ് വിജയ്‌വര്‍ഗീയ പറഞ്ഞു. 

ഇവര്‍ ബംഗ്ലാദേശികളാണെന്ന് എനിക്ക് സംശയം തോന്നി രണ്ട് ദിവസങ്ങള്‍ക്കകം അവരെല്ലാം വീട്ടിലെ ജോലി നിര്‍ത്തി തിരിച്ചുപോയി. അതേസമയം ഇക്കാര്യത്തില്‍ താന്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. ജനങ്ങള്‍ ഇത്തരം തൊഴിലാളികളെ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് ഇക്കാര്യം സൂചിപ്പിച്ചതെന്നും വിജയ്‌വര്‍ഗീയ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യക്ക് പുറത്തുനിന്നുള്ള തീവ്രവാദികള്‍ രാജ്യത്തിനകത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെയും ബിജെപി നേതാവ് ശക്തമായി വിമര്‍ശിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ലാദേശി തീവ്രവാദികള്‍ തന്നെ നോട്ടമിട്ടിട്ടുണ്ട്. അതിനാല്‍ തനിക്കൊപ്പം എപ്പോഴും ആറ് ആയുധധാരികളുടെ സുരക്ഷയുണ്ടെന്നും അദ്ദേഹം വ്യക്താക്കി. 

ചിലര്‍ പറഞ്ഞുപരത്തുന്ന കിംവദന്തികളില്‍ തെറ്റിദ്ധരിക്കരുത്. രാജ്യ താല്‍പര്യത്തിനുള്ളതാണ് കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമം. യഥാര്‍ഥ അഭയാര്‍ഥികളെ തിരിച്ചറിഞ്ഞ് അഭയം നല്‍കാനും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനും പൗരത്വ നിയമത്താല്‍ സാധിക്കുമെന്നും വിജയ്‌വര്‍ഗീയ വ്യക്തമാക്കി.

content highlights; BJP Leader Says Identified Bangladeshi Workers With Their Eating Habit