ഗോധ്റ (ഗുജറാത്ത്): ബില്‍ക്കിസ് ബാനു കേസിലെ 11 കുറ്റവാളികളും ഞായറാഴ്ച രാത്രി കീഴടങ്ങി. 11.45-ഓടെ ഗോധ്റ സബ്ജയിലിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റവാളികള്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികള്‍ കീഴടങ്ങിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികള്‍ കീഴടങ്ങാനെത്തിയത്. ജയിലധികൃതര്‍ക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പോലീസും അറിയിച്ചു.

To advertise here,

കൂടുതല്‍സമയം ആവശ്യപ്പെട്ട് കുറ്റവാളികള്‍ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവര്‍ത്തിച്ച കോടതി ഹര്‍ജികള്‍ തള്ളുകയും ചെയ്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നുമാണ് കേസ്.