ജക്കാർത്ത: ഇൻഡൊനേഷ്യ സന്ദർശനത്തിനിടെ മുൻ ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാർത്തയിലെ ഇൻഡൊനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയും ഇൻഡൊനേഷ്യയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ ബിജു പട്‌നായിക്ക്ചരിത്രപരമായ പങ്കുവഹിച്ചെന്ന്മോദി പറഞ്ഞു. കടൽ എന്നത് തടസ്സമല്ലെന്നും അത് ഇന്ത്യയെയും ഇൻഡൊനേഷ്യയെയും ബന്ധിപ്പിക്കുന്ന പാലമാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. 

To advertise here,

1947-ലെ ഇൻഡൊനേഷ്യൻ സ്വാതന്ത്ര്യസമര കാലത്ത് ഡച്ച് ഭരണത്തിനെതിരെ പൊരുതിയ നേതാക്കളെ ബിജു പട്നായിക്ക് സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. പൈലറ്റായിരുന്ന അദ്ദേഹം ഡച്ച് ഉപരോധം ലംഘിച്ച് അന്നത്തെ ഇൻഡൊനേഷ്യൻ പ്രധാനമന്ത്രി സുതാൻ ഷാറിർ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഹട്ട എന്നിവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു. ഇതാണ് ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി.

അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരമാണ് 31 വയസ്സുകാരനായ പട്നായിക്ക് ഈ രഹസ്യ ദൗത്യം ഏറ്റെടുത്തത്. വിമാനം വെടിവെച്ചിടുമെന്ന ഡച്ചുകാരുടെ ഭീഷണി അവഗണിച്ചായിരുന്നു ഈ നീക്കം. ബിജു പട്നായിക്കും സഹപൈലറ്റും ഭാര്യയുമായ ജ്ഞാൻവതി പട്നായിക്കും ചേർന്ന് 'ഡക്കോട്ട' വിമാനത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്. 1947 ജൂലൈ 24-ന് ഇവർ ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങി. ഈ ചരിത്രപരമായ ദൗത്യമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കിയതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയും ഇൻഡൊനേഷ്യയും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് സ്വതന്ത്രമായത്. ഇൻഡൊനേഷ്യ 1945-ലും ഇന്ത്യ 1947-ലും സ്വാതന്ത്ര്യം നേടി. ഇൻഡൊനേഷ്യയുടെ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ വലിയ പിന്തുണ നൽകിയിരുന്നു. പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയിൽ ഇൻഡൊനേഷ്യയുടെ പരമാധികാരത്തിനുവേണ്ടി ശബ്ദമുയർത്തിയ ശക്തമായ രാജ്യമായിരുന്നു ഇന്ത്യയെന്നും മോദി ഓർമപ്പെടുത്തി.