വഡോദര: റെയില്‍വേയില്‍ ഉദ്യോഗം ലഭിക്കാന്‍ സ്വന്തം വിരലിലെ ചര്‍മമെടുത്ത് സുഹൃത്തിന്റെ വിരലില്‍ പതിപ്പിച്ച് യുവാവിന്റെ കടുകൈ. ചൂടാക്കിയ പാനില്‍ വെച്ച് സ്വന്തം കൈവിരല്‍ പെള്ളിച്ചാണ് മനീഷ് കുമാര്‍ എന്ന യുവാവ് ചര്‍മം അടര്‍ത്തിയെടുത്തത്.
ബയോമെട്രിക് പരിശോധനയില്‍ തിരിച്ചറിയില്ലെന്നും തനിക്ക് പകരക്കാരനായി പഠനത്തില്‍ തന്നേക്കാള്‍ മികവുപുലര്‍ത്തിയ രാജ്യഗുരു ഗുപ്ത എന്ന സുഹൃത്തിനെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കാമെന്നും പദ്ധതിയിട്ടാണ് മനീഷ് കുമാര്‍ ഈ കടുകൈയ്ക്ക് തുനിഞ്ഞത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. എന്നാല്‍ പരീക്ഷാഉദ്യോഗസ്ഥന്‍ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പദ്ധതി പൊളിഞ്ഞു.
ഓഗസ്റ്റ് 22 ന് നടന്ന റെയില്‍വേ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് മനീഷ് കുമാര്‍ എന്ന വ്യാജേന രാജ്യഗുരു എത്തി. രാജ്യഗുരുവിന്റെ കയ്യില്‍ ബയോമെട്രിക് പരിശോധനയ്ക്ക് മുമ്പ് പരീക്ഷാഉദ്യോഗസ്ഥന്‍ സാനിറ്റൈസര്‍ തളിച്ചതോടെ വിരലില്‍ നിന്ന് ചര്‍മം അടര്‍ന്നുവീഴുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
റെയില്‍വേ അതോറിറ്റിയുടെ അംഗീകാരമുള്ള സ്വകാര്യ കമ്പനിയാണ് 'ഡി' ഗ്രൂപ് ഒഴിവുകളിലേക്കായി പരീക്ഷ നടത്തിയത്. 600 ഓളം ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തിരുന്നു. പരീക്ഷയില്‍ ക്രമക്കേട് ഒഴിവാക്കുന്നതിനായി എല്ലാ ഉദ്യോഗാര്‍ഥികളുടേയും വിരലടയാളം ആധാര്‍ ഡാറ്റയുമായി ഒത്തുനോക്കുന്നതിനിടെ പലതവണ പരിശോധിച്ചിട്ടും മനീഷ് കുമാറിന്റെ വിരലടയാളം യോജിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടു. കൂടാതെ അയാള്‍ പാന്റിന്റെ ഇടത്തെ കീശയില്‍ സംശയാസ്പദമായ രീതിയില്‍ എന്തോ ഒളിപ്പിക്കുന്നതും ഉദ്യോഗസ്ഥന്‍ ശ്രദ്ധിച്ചു.
തുടര്‍ന്ന് ചോദ്യം ചെയ്തതോടെ, താന്‍ പകരക്കാരനായി എത്തിയതാണെന്ന കാര്യം രാജ്യഗുരു വെളിപ്പെടുത്തി.തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പോലീസില്‍ വിവരമറിയിച്ചു. ബുധനാഴ്ച മനീഷിനേയും സുഹൃത്ത് രാജ്യഗുരുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മൂംഗെര്‍ സ്വദേശികളാണ് ഇവര്‍. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി അഡീഷണല്‍ കമ്മിഷണര്‍ എസ്. എം. വരോതാരിയ അറിയിച്ചു. രണ്ടുപേര്‍ക്കും ഇരുപഞ്ച് വയസ് പ്രായമുണ്ടെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Bihar Man, Vadodara, Removes Thumb Skin, Pastes On Friends Hand, Arrested
Published: 25 Aug 2022, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented