ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ മാത്രം ജനവിധിയല്ല ബിഹാര്‍ പറയാനിരിക്കുന്നത്.പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ സങ്കീര്‍ണമായ ബിഹാറിന്റെ വിധിയെഴുത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഹിതപരിശോധന കൂടിയാണ്. ജാതി സമവാക്യങ്ങളുടെ പരമ്പരാഗതഅടിത്തറ ഉയര്‍ത്തുന്ന രാഷ്ട്രീയ സമസ്യകള്‍ക്കൊപ്പം വോട്ടര്‍ പട്ടിക പരിഷ്‌കരണം, ജാതി സെന്‍സസ് പ്രഖ്യാപനം എന്നീ വിവാദപരീക്ഷണങ്ങളുടെയും കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെയും വിലയിരുത്തലാകും തിരഞ്ഞെടുപ്പ്. ഭരണനേട്ടങ്ങളുടെ പട്ടിക, വികസന വാഗ്ദാനങ്ങള്‍ എന്നിവ അണിനിരത്തി എന്‍.ഡി.എ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുമ്പോള്‍, വോട്ട് കൊള്ളയും തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള അടിസ്ഥാന ജനവിഷയങ്ങളുമായി പ്രതിപക്ഷം വോട്ട് തേടും.എന്നാല്‍ പരമ്പരാഗത രാഷ്ട്രീയധാരകളെ വിചാരണയ്ക്ക് വച്ച് പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധന്‍ സ്വന്തം പാര്‍ട്ടിയുമായി കളം നിറയുന്നത് ഇക്കുറി ജനവിധിയുടെ സ്വഭാവത്തെ ഒരളവ് വരെ സ്വാധീനിച്ചേക്കും.

To advertise here,

മുന്‍കാല നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ നിന്ന് വേറിട്ടതായിരിക്കും ഇത്തവണ ബിഹാറിന്റെ ജനവിധിയെഴുത്ത്. പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണവും പ്രതിപക്ഷം ഉയര്‍ത്തുന്ന വോട്ട് കൊള്ള ആരോപണവും ഇക്കുറി തിരഞ്ഞെടുപ്പിന് ദേശീയ സ്വഭാവം പകരുന്നു. വോട്ടര്‍പട്ടിക പരിഷ്‌കരണം വന്‍വിജയമെന്ന് കമ്മീഷന്‍ അവകാശപ്പെടുമ്പോള്‍, ഇത് പ്രതിപക്ഷ വോട്ടുകള്‍ ചോര്‍ത്താനുള്ള നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പാക്കാനൊരുങ്ങുമ്പോള്‍, ആദ്യ തട്ടകമായ ബിഹാറിന്റെ പ്രതികരണം തുടര്‍നീക്കങ്ങള്‍ക്ക് പ്രധാനം. കേന്ദ്രസര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന പ്രധാന ഘടകക്ഷിയായ ജെ.ഡി.യുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേരിടുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലും ഭരണപക്ഷത്തിന് ജനമനസ്സ് നിര്‍ണായകം. കേന്ദ്ര-സംസ്ഥാന ഭരണങ്ങളോടുള്ള ജനപ്രതികരണം ദേശീയരാഷ്ട്രീയത്തില്‍ ഭാവിനീക്കങ്ങള്‍ക്ക് വളമിടും.

നിതീഷിന്റെ ഭാവി

2000 മുതല്‍ പലഘട്ടങ്ങളിലായി,പല സഖ്യങ്ങളിലായി അധികാരം നയിക്കുന്ന നിതീഷ് കുമാര്‍ എന്ന 74 കാരന്റെ രാഷ്ട്രീയ ഭാവി ഈ തിരഞ്ഞെടുപ്പ് നിശ്ചയിക്കും. നിതീഷ് എവിടെയാണോ അവിടെയാണ് അധികാരമെന്ന പ്രാദേശിക മുദ്രാവാക്യത്തിന് ഇപ്രാവശ്യം പിന്തുണയെത്രയെന്നതിനുള്ള ഉത്തരമാകും തിരഞ്ഞെടുപ്പ് ഫലം.2020 മുതല്‍ തന്നെ ജനപിന്തുണയില്‍ ഇടിവ് തട്ടുകയും ബി.ജെ.പിയുടെ തന്ത്രപരമായ ഉരുക്കു ഹസ്തങ്ങളില്‍ ഞെരുങ്ങുകയും ചെയ്ത നിതീഷ് ഇത്തവണ ഭരണവീഴ്ചകളുടെ വിമര്‍ശന ശരങ്ങളിലാണ്. വ്യക്തിപരമായ ആരോഗ്യപ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരങ്ങളും നിതീഷിനെ വേട്ടയാടുന്നുണ്ട്. റോഡ്,വെള്ളം,വൈദ്യുതി എന്നീ പ്രാഥമിക ആവശ്യങ്ങള്‍ക്ക് മെച്ചപ്പെട്ട പരിഗണന ലഭിച്ചെങ്കിലും തൊഴിലില്ലായ്മ, തൊഴില്‍ തേടിയുള്ള യുവാക്കളുടെ കുടിയേറ്റം എന്നീ ഗുരുതരപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിതീഷിനായിട്ടില്ല. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളില്‍ പ്രധാനം തൊഴിലില്ലായ്മയാണ്.പ്രശാന്ത് കിഷോറിന്റെ പ്രധാന ഫോക്കസും അതു തന്നെ. മാത്രമല്ല,നിതീഷിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് ജയിച്ചാല്‍ തന്നെ,ഇത്തവണ സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രി വേണമെന്ന രഹസ്യ അജണ്ട ബി.ജെ.പി പുറത്തെടുക്കില്ല എന്നതിനും ഉറപ്പില്ല.

പ്രതിപക്ഷത്തിന്റെ നീക്കം

2020 ല്‍ ചുണ്ടിനും കപ്പിനുമിടയില്‍ ഭരണം നഷ്ടപ്പെട്ട ആര്‍.ജെ.ഡിക്കും പ്രതിപക്ഷ സഖ്യത്തിനും ഈ തിരഞ്ഞെടുപ്പ് അതിപ്രധാനമാണ്. കഴിഞ്ഞ തവണ ആര്‍.ജെ.ഡി നടത്തിയ വന്‍മുന്നേറ്റത്തിന് കടിഞ്ഞാണ്‍ വീണത് കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിലാണ്. അത് തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ രാഹുല്‍ ഗാന്ധി ബിഹാര്‍ കേന്ദ്രീകരിച്ച് പദയാത്രകളും റാലികളും സംഘടിപ്പിച്ചത്. ഈ നീക്കങ്ങള്‍ കോണ്‍ഗ്രസിനുണ്ടാക്കിയ ഉണര്‍വ് സംസ്ഥാന തലത്തില്‍ മഹാസഖ്യത്തിനും ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിനും ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ താത്വികവിഷയം ബിഹാര്‍ പോലെയുള്ള പിന്നാക്ക മേഖലയിലെ വോട്ട് രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നറിയാന്‍ വോട്ടെണ്ണലിന് കാത്തിരിക്കണം. അതെ സമയം,ഈ വിഷയങ്ങള്‍ക്കൊപ്പം തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള അടിസ്ഥാന പ്രാദേശികവിഷയങ്ങളുയര്‍ത്തി തേജസ്വി നടത്തുന്ന പ്രചരണം താഴെത്തട്ടിലെ ഉള്ളടക്കത്തെ സ്വാധീനിക്കും.