പാട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ പേരില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തേജസ്വി യാദവിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിനെതിരെ ആരോപണവുമായി തേജസ്വി യാദവ് രംഗത്ത് വന്നത്. അതേസമയം മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലുള്ള തന്റെ പേര് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നതാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ ആരോപണത്തിനോട് പ്രതികരിച്ചു. തേജസ്വി യാദവ് വ്യാജ വിവരങ്ങള്‍ ഉന്നയിച്ച് ആളുകളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞായറാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് വിജയ് കുമാര്‍ സിന്‍ഹയ്ക്ക് രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന് തേജസ്വി യാദവ് ആരോപിച്ചത്. രണ്ട് മണ്ഡലങ്ങളിലായാണ് വിജയ് കുമാര്‍ സിന്‍ഹയുടെ പേരുള്ളതെന്നും അതില്‍ രണ്ടിലും അദ്ദേഹത്തിന്റെ പ്രായം വ്യത്യസ്തമാണെന്നും തേജസ്വി പറഞ്ഞു. ബാങ്കിപുര്‍ മണ്ഡലത്തിലെ പട്ടികയില്‍ അദ്ദേഹത്തിന് 60 വയസും ലക്ഷിസരായ് മണ്ഡലത്തിലെ പട്ടികയില്‍ 57 ഉം ആണ് പ്രായം കാണിക്കുന്നതെന്നും തേജസ്വി യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒന്നുകില്‍ രണ്ട് വോട്ടര്‍ ഐഡിക്കുമുള്ള രേഖകളില്‍ അദ്ദേഹം ഒപ്പിട്ടിട്ടുണ്ട്. അല്ലെങ്കില്‍ ബിഹാറില്‍ ഇപ്പോള്‍ നടക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഒരു തട്ടിപ്പ് പരിപാടിയാണെന്നും തേജസ്വി ആരോപിച്ചു.
ബിഹാറില്‍ അനര്‍ഹരായ വോട്ടര്‍മാരെ കണ്ടെത്തി ഒഴിവാക്കാനായാണ് തീവ്ര പരിശോധന നടത്തുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിക്കുന്നത്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനെ തോല്‍പ്പിക്കാന്‍ വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ബിഹാറിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.
തന്റെ പേരുപോലും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിാക്കിയെന്ന് പറഞ്ഞ് തേജസ്വി യാദവ് രംഗത്ത് വന്നിരുന്നു. ഇതിനായി ഉയര്‍ത്തിക്കാട്ടിയ വോട്ടര്‍ ഐഡി കാര്‍ഡ് തങ്ങള്‍ അനുവദിച്ചതല്ലെന്നും വിശദാംശങ്ങള്‍ നല്‍കണമെന്നും കാട്ടി തേജസ്വിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസും അയച്ചിരുന്നു. മാത്രമല്ല തേജസ്വി ഉള്‍പ്പെടുന്ന വോട്ടര്‍ പട്ടിക കമ്മീഷന്‍ പുറത്തുവിടുകയും ചെയ്തു. ഈ വിവാദങ്ങള്‍ക്കിടെയാണ് ബിഹാറിലെ ഉപമുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി തേജസ്വി രംഗത്ത് വന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര പരിശോധന തട്ടിപ്പാണ്. അല്ലെങ്കില്‍ വിജയ് കുമാര്‍ സിന്‍ഹ തട്ടിപ്പ് നടത്തി. അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു.
ബിജെപി ജനാധിപത്യത്തെയും ഭരണഘടനയെയും നശിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2003 മുതല്‍ 2025വരെയുള്ള കാലത്ത് കൂട്ടിച്ചേര്‍ത്ത വോട്ടര്‍മാര്‍ മുഴുവന്‍ വ്യാജമാണെന്നാണോ കമ്മീഷന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ആ സമയത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും വ്യാജമാണെന്നും തേജസ്വി ആരോപിച്ചു.
തേജസ്വിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട വിജയ് കുമാര്‍ സിന്‍ഹ തേജസ്വി യാദവ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ആരോപിച്ചു. ബാങ്കിപുര്‍ നിയോജക മണ്ഡലത്തിലാണ് മുമ്പ് താമസിച്ചിരുന്നതെന്നും ലക്ഷിസരായ് മണ്ഡലത്തിലേക്ക് മാറിയതിനാല്‍ തന്റെ പേര് ബാങ്കിപുര്‍ മണ്ഡലത്തിലെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജംഗിള്‍ രാജ് രാജകുമാരന്‍ നടത്തുന്നതുപോലുള്ള തട്ടിപ്പ് ഞങ്ങളാരും നടത്തില്ലെന്നും തേജസ്വിയെ പരിഹസിച്ചുകൊണ്ട് വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ ഭരണഘടാനുസൃതമായ സ്ഥാനത്തിരിക്കുന്നയാള്‍ വ്യക്തമായ ധാരണയില്ലാതെ രാഷ്ട്രീയ ആരോപണങ്ങളുന്നയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Content Highlights: RJD leader Tejashwi Yadav alleges Bihar Deputy CM Vijay Kumar Sinha has two voter IDs
Published: 10 Aug 2025, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented