
ലഖ്നൗ (യു.പി): ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആസാദിനെ സഹരണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് നിസാരമാണെന്നാണ് വിവരം.
ബൈക്കിലും കാറിലുമെത്തിയ ആയുധധാരികളായ സംഘമാണ് അദ്ദേഹത്തിനുനേരെ വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. കാറിന്റെ മുന്‍വശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. മുന്‍ സീറ്റിലാണ് ആസാദ് ഇരുന്നത്.
ഒപ്പമുണ്ടായിരുന്നവര്‍ അക്രമകാരികളെ തിരിച്ചറിഞ്ഞതായി ആസാദ് പോലീസിനോട് പറഞ്ഞു. തനിക്ക് ആളുകളെ വ്യക്തമായി ഓര്‍മയില്ല. വെടിവെപ്പിന് ശേഷം അവരുടെ കാർ സഹരൻപൂർ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. സംഭവം നടക്കുമ്പോൾ സഹോദരൻ ഉൾപ്പെടെ അഞ്ചുപേർ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വർഷങ്ങൾക്ക് മുൻപ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് തന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായതായി ആസാദ് ആരോപിച്ചിരുന്നു. ഭീം ആര്‍മിയുടെ സാന്നിധ്യം മറ്റുപാര്‍ട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭയംമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ് വെടിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഹാഥ്‌റസ് വിഷയത്തിലടക്കം ചന്ദ്രശേഖര്‍ ആസാദ് നടത്തിയ ഇടപെടലുകള്‍ ദേശീയ ശ്രദ്ധനേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി. തിഹാര്‍ ജയിലിലടച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Content Highlights: Bhim Army chief Chandrashekhar Azad shot at in Saharanpur
Published: 28 Jun 2023, 06:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented