ടോക്യോ: 'ഈ വർഷത്തെ ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയിരിക്കും.' ഉറപ്പിച്ചുപറയാൻ ഭവിനബെൻ പട്ടേലിന് രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. കാരണം നിശ്ചയദാർഢ്യത്തിന്റെ കരുത്തു മാത്രമാണ് ഭവിനയെ ടേബിൾ ടെന്നിസ് ഫൈനൽ വരെ എത്തിച്ചിരിക്കുന്നത്. ടേബിള്‍ ടെന്നീസില്‍ ആദ്യമായി പാരാലിമ്പിക്‌സ് ഫൈനലിൽ എത്തുന്ന ഇന്ത്യയ്ക്കിത് ചരിത്ര മുഹൂർത്തം. ഞായറാഴ്ച നടക്കാനിരിക്കുന്ന വനിതാ സിംഗിൾസ് ടേബിൾ ടെന്നീസിൽ ഭവിന സ്വർണം നേടിയാൽ അത് ഇരട്ടത്തിളക്കമാകും.
ഗുജറാത്തിലെ മെഹ്‌സാനിയയില്‍ നിന്നുളള ഭവിനബെന്നിന്റെ ജീവിതത്തിൽ പോളിയോ വില്ലനായത് ഒരു വയസ്സ് തികയും മുമ്പാണ്. 1986ലായിരുന്നു ഭവിനയുടെ ജനനം. ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം പകച്ചുനിന്നു. കാരണം കുടുംബത്തിൽ അഞ്ചുപേരുടെ വയറുനിറയ്ക്കാൻ തന്നെ ഭവിനയുടെ പിതാവ് നന്നേ പാടുപെട്ടിരുന്നു. എങ്കിലും വലിയ പണം മുടക്കി ആന്ധ്രാപ്രദേശിൽവച്ച് അവളുടെ ശസ്ത്രക്രിയ നടത്തി. പക്ഷേ പ്രതീക്ഷിച്ച ഫലം കണ്ടില്ല. കൗമാരത്തിലേക്ക് കടക്കും മുമ്പേ വീൽചെയർ അവളുടെ ശരീരത്തോട് ചേർന്നു.
പക്ഷേ, ഭവിനയുടെ ഉൾക്കരുത്തിനെ തകർക്കാൻ പോന്നതായിരുന്നില്ല ആ പ്രതിസന്ധികൾ. അവൾ പഠനം തുടർന്നു. 2004ൽ പിതാവ് അവളെ അഹമ്മദാബാദിലെ ബ്ലൈൻഡ് പീപ്പിൾസ് അസോസിയേഷനിൽ വിട്ട് കംപ്യൂട്ടർ കോഴ്‌സ് പഠിപ്പിക്കാൻ തീരുമാനിച്ചു. ഒപ്പം ബിരുദവും. തന്നെപ്പോലെ അംഗപരിമിതികളെ തോൽപ്പിക്കാനുറപ്പിച്ചെത്തിയ കൂട്ടുകാർ അവൾക്കു കരുത്തേകി.
ജീവിതത്തിന്റെ ദിശാസൂചിയാവാൻ അവിടെ അവളെയും കാത്ത് ഒരു ടെന്നീസ് ടേബിളുണ്ടായിരുന്നു. ടെന്നീസ് പാഡ് കൈയിലേന്തി അന്നു തുടങ്ങിയ യാത്ര വർഷങ്ങൾക്കിപ്പുറം അവളെ എത്തിച്ചത് ടോക്യോയിലെ പാരാലിമ്പിക്‌സ് ടേബിളിനു മുന്നിൽ.
ഒരു ഘട്ടത്തിലും എളുപ്പമായിരുന്നില്ല അവൾക്ക് ആ പോരാട്ടം. അഞ്ചു സെറ്റ് നീണ്ട വാശിയേറിയ മത്സരത്തിനൊടുവിലാണ് ക്ലാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ച് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. "ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ചല്ല കളിച്ചത്. എന്റെ നൂറുശതമാനം നൽകുന്നതിലായിരുന്നു ശ്രദ്ധ. അതു തുടരും. മെഡൽ നേടാൻ അതാണ് എന്റെ ഉറപ്പ്." പാരാലിമ്പിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ വീഡിയോയിൽ ഭവിന പറയുന്നു.
ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും ശക്തമായി തിരിച്ചടിച്ച ഭവിന രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി. എന്നാൽ നാലാം സെറ്റിൽ ചൈനീസ് താരം തിരിച്ചടിച്ചതോടെ മത്സരം നിർണായകമായി. അഞ്ചാം സെറ്റിൽ മിയാവോയെ അവിശ്വസനീയമായി കീഴടക്കി ഭവിന ഇന്ത്യയുടെ അഭിമാനമായി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ ഷൗ യിങ്ങിനെ ഭവിന നേരിടുമ്പോൾ ഇന്ത്യ കാത്തിരിക്കുകയാണ് സുവർണലിപികളിൽ അടയാളപ്പെടുത്തേണ്ട ചരിത്ര നിമിഷത്തിനായി.
Content Highlights: Bhavina Ben enters Paralympics finals
Published: 28 Aug 2021, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented