ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു കുണ്ടലഹള്ളിയിലെ പി.ജി. ഹോസ്റ്റലിൽ താമസിക്കുന്ന ബല്ലാരി സ്വദേശി അരവിന്ദ് (23) ആണ് മരിച്ചത്. സംഭവത്തിൽ പി.ജി.യിലെ താമസക്കാരായ രണ്ടുപേർക്കും പി.ജി.യിലെ സഹായിയായി ജോലിചെയ്യുന്നയാൾക്കും പരിക്കേറ്റു. ഇവരെ മൂന്നുപേരെയും ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

തിങ്കളാഴ്ച വൈകീട്ട് 6.15-ഓടെയാണ്, സെവൻ ഹിൽസ് സായ് കോ-ലിവിങ് പെയിങ് ഗസ്റ്റ് ഹോസ്റ്റലിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഏഴുനില കെട്ടിടത്തിൽ 43 മുറികളിലായാണ് പി.ജി. ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് കെട്ടിടത്തിന്റെ താഴത്തെനിലയിൽനിന്ന് പുക ഉയരുന്നത് കണ്ടാണ് അരവിന്ദും മറ്റുരണ്ടുപേരും ഇവിടേക്കെത്തിയത്. എന്താണ് സംഭവിച്ചതെന്നറിയാൻ മൂവരും താഴെത്തനിലയിൽ എത്തിയപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ തീയും പുകയും ഉയർന്നു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്.

മരിച്ച അരവിന്ദ് കേപ്‌ജെമിനിയിൽ സീനിയർ അനലിസ്റ്റാണ്. പരിക്കേറ്റ മറ്റുരണ്ട് താമസക്കാരും സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്. ആന്ധ്രാപ്രദേശ് സ്വദേശി വിഷ്ണു എന്നയാളുടെ പേരിലാണ് പി.ജി. ഹോസ്റ്റൽ പ്രവർത്തിക്കുന്നതെന്നും ബെംഗളൂരു സ്വദേശിയായ റോജ എന്നയാൾക്കാണ് ഇതിന്റെ മേൽനോട്ടമെന്നും പോലീസ് പറഞ്ഞു. സംഭവം അന്വേഷിച്ചുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.