ബെംഗളൂരു: ബെംഗളൂരുവിലെ പിഇഎസ് (PES) സർവകലാശാലയിൽ മുസ്ലീം വിദ്യാർത്ഥിക്കെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപകന് സസ്പെൻഷൻ. ഒരാളെ കാണാനായി ക്ലാസിൽനിന്ന് പുറത്തേക്ക് പോകാൻ അനുവാദം ചോദിച്ച അഫാൻ എന്ന വിദ്യാർത്ഥിയോടാണ് ഡോ. മുരളീധർ ദേശ്പാണ്ഡെ എന്ന പ്രൊഫസർ അധിക്ഷേപകരവും വർഗീയവുമായ പരാമർശങ്ങൾ നടത്തി ആക്ഷേപിച്ചത്.

To advertise here,

വ്യാഴാഴ്ചയാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. ക്ലാസ്മുറിക്കുള്ളിൽ നടന്ന സംഭവത്തിന്റെ ദൃശ്യം ഒരു വിദ്യാർഥി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. രോഷാകുലനായി വിദ്യാർഥിയോട് വളരെ പരുഷമായ ഭാഷയിൽ സംസാരിക്കുന്ന അധ്യാപകനെയാണ് ദൃശ്യങ്ങളിൽ കാണാനാവുക. 'നിനക്ക് നാണമില്ലേ (sharm nahi aati, tumko). തീവ്രവാദീ.. അതേ ഞാൻ നിന്നെ തീവ്രവാദി എന്ന് വിളിക്കുന്നു.' ദേശ്പാണ്ഡെ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രൊഫസറുടെ അധിക്ഷേപങ്ങളിൽ പ്രധാനമായും പരാമർശിക്കപ്പെട്ടത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇറാൻ യുദ്ധമാണ്. 'ഇന്ന് ഞാൻ വളരെ സമാധാനപ്രിയനായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇല്ല... ഇവനെപ്പോലെ ഉള്ളവരാണ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന് കാരണം. ഡൊണാൾഡ് ട്രംപ് വന്ന് ഇവനെ കൊണ്ടുപോകും. നരകത്തിലേക്ക് പോകൂ.' എന്നും ഇയാൾ ആക്രോശിക്കുന്നു. 

'ഇതിനെതിരെ എന്തായാലും പരാതി നൽകണം' എന്ന് വിദ്യാർഥികൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആഗോള രാഷ്ട്രീയ സംഘർഷങ്ങളെ വിദ്യാർത്ഥിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപത്തിനായി പ്രൊഫസർ ഉപയോഗിക്കുകയായിരുന്നുവെന്ന്‌ ക്ലാസിലെ മറ്റ് വിദ്യാർഥികൾ അഭിപ്രായപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ വിദ്യാർഥികളുടെ പരാതിയിന്മേൽ പ്രൊഫസറെ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

എന്നാൽ, അധിക്ഷേപത്തിന് ഇരയായ വിദ്യാർത്ഥിയെ പിന്തുണച്ചതിന് മറ്റ് മൂന്ന് വിദ്യാർത്ഥികളെയും കൂടി സർവകലാശാല സസ്‌പെൻഡ് ചെയ്തതായി സഹപാഠികൾ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുന്നതേയുള്ളൂ എന്ന് വൈസ് ചാൻസലർ അറിയിച്ചു. മുരളീധർ ദേശ്പാണ്ഡെ സർവകലാശാലയിലെ പാർട് ടൈം പ്രൊഫസറാണെന്നും ഇത്തരമൊരു സംഭവം സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ എൻഎസ്‌യുഐ പോലീസിൽ പരാതി നൽകുകയും പ്രൊഫസർ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.