
ബെംഗളൂരു: പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരം പിറന്നു. ആവേശം തിരത്തല്ലിയ ആഘോഷങ്ങളോടെ നഗരവാസികൾ പുതിയ വർഷത്തെ വരവേറ്റു. രാത്രി പകലാക്കിയായിരുന്നു ബെംഗളൂരുവിലെ ആഘോഷങ്ങൾ. പബ്ബുകൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പ്രത്യേക പുതുവത്സരപാർട്ടികളുണ്ടായിരുന്നു. ചെറുപ്പക്കാരിൽ ബഹുഭൂരിപക്ഷവും ഇതിന്റെ ആവേശത്തിലായിരുന്നു. സകുടുംബം പുതുവത്സരം ആഘോഷിക്കാൻ റസ്റ്ററന്റുകളിലെത്തിയവരും കുറവായിരുന്നില്ല.
പകൽ നഗരത്തിൽ പതിവ് ഗതാഗതത്തിരക്കുണ്ടായിരുന്നില്ല. എന്നാൽ,വൈകുന്നേരം കഴിഞ്ഞപ്പോഴേക്കും തിരക്കായി. ആഘോഷം പൊടിപൊടിച്ചപ്പോൾ അർധരാത്രിയിലും നിരത്തുകൾ സജീവമായി. എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയിടങ്ങളിലെല്ലാം വൻ ആഘോഷങ്ങളാണ് അരങ്ങേറിയത്. ഐടി മേഖലയായ ഇലക്ട്രോണിക് സിറ്റിയിലും വൈറ്റ് ഫീൽഡിലുമെല്ലാം ആളുകൾ പുതുവത്സരത്തെ ആവേശത്തോടെ വരവേറ്റു.
നഗരത്തിലെ പ്രധാന വാണിജ്യ സമുച്ചയങ്ങൾ ദീപാലങ്കാരങ്ങളാൽ ശോഭിച്ചു. തെരുവുകളിൽ നൃത്തം ചെയ്തും പാട്ടുകൾ പാടിയും യുവാക്കൾ ആഘോഷത്തിന് മാറ്റുകൂട്ടി. കടുത്ത സുരക്ഷാവലയത്തിലായിരുന്നു ആഘോഷ പരിപാടികൾ നടത്തിയത്. നഗരത്തിൽ സുരക്ഷയ്ക്കായി 20,000 ഓളം പോലീസിനെ നിയോഗിച്ചിരുന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനം എന്നിവയ്ക്കായി നഗരത്തിൽ ഉടനീളം പോലീസുണ്ടായിരുന്നു.
നിരീക്ഷണത്തിനായി താത്കാലിക ടവറുകൾ സ്ഥാപിച്ചിരുന്നു. ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണവുമുണ്ടായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് നമ്മ മെട്രോ സർവീസ് സമയം നീട്ടി. സാധാരണ രാത്രി 11-ഓടെ സർവീസ് അവസാനിപ്പിക്കുന്ന സ്ഥാനത്ത് അടുത്ത ദിവസം പുലർച്ചെ 3.10 വരെ അധിക സർവീസ് നടത്തുകയായിരുന്നു. ഇതേസമയം, രാത്രി 11 ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പിന്നീട് ക്യുആർ കോഡ്, സ്മാർട്ട് കാർഡ് മാർഗത്തിലായിരുന്നു ടിക്കറ്റ് ബുക്കിങ് അനുവദിച്ചിരുന്നത്. ബിഎംടിസിയും സർവീസ് സമയം നീട്ടിയിരുന്നു. രാത്രി 11-ന് സർവീസ് അവസാനിപ്പിക്കുന്ന സ്ഥാനത്ത് പുലർച്ചെ രണ്ട് വരെ ബിഎംടിസി സർവീസ് നടത്തി.
Content Highlights: Bengaluru residents ushered in the New Year with vibrant parties, festive lights, and increased security. Explore how the city celebrated the dawn of a new era.
Published: 01 Jan 2026, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented