മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി നേതാവുമായിരുന്ന ബാബ സിദ്ദിഖി അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും അതാണ് കൊല്ലപ്പെടാൻ കാരണമായതെന്നും പോലീസ് പിടിയിലായ ഗ്യാങ് ഷൂട്ടര്‍ യോഗേഷ്. ബാബാ സിദ്ദിഖി അത്ര നല്ലവനായിരുന്നില്ലെന്നും അതുകൊണ്ടാണ് അയാളെ കൊലപ്പെടുത്തിയതെന്നും യോഗേഷ് പറഞ്ഞു. ഉത്തർപ്രദേശ് പോലീസിന് നൽകിയ മൊഴിയിലാണ് യോഗേഷ് ഇക്കാര്യം പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് കുറച്ചുനാൾ മുമ്പ് ഇരുപത്തിയാറുകാരനായ യോഗേഷ് എന്ന രാജുവിനെ പോലീസ് അറസ്റ്റുചെയ്തത്. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ വെച്ച് നാദിര്‍ ഷാ എന്ന ജിം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിനുകീഴിൽ പ്രവർത്തിക്കുന്ന ഹാഷിം ബാബ ഗ്യാങ്ങിലെ അംഗമായ യോഗേഷിനെ അറസ്റ്റ് ചെയ്തത്. അതേസമയം ബാബ സിദ്ദിഖി കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ദാവൂദിനെപ്പോലെയുള്ള വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവർക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കാം. അതാണ് സിദ്ദിഖിക്കും സംഭവിച്ചത്. താൻ ഈ മേഖലയിലേക്കു കടന്നതിനുപിന്നിൽ പോലീസാണെന്നും യോഗേഷ് പറയുന്നുണ്ട്. താനൊരു സാധാരണക്കാരനായ വ്യക്തിയാണ്. കെട്ടിച്ചമച്ച കേസുകൾ ചുമത്തിയാണ് ഈ മേഖലയിലെത്തിയത്. ലോറൻസ് ബിഷ്ണോയ് നേതൃത്വം നൽകുന്ന ഹാഷിം ബാബാ ഗ്യാങ്ങിലാണ് താനുള്ളത്. നിങ്ങളൊക്കെ കരുതുന്നതിനേക്കാൾ വലുതാണ് ഈ ഗ്യാങ് എന്നും സങ്കൽപിക്കുന്നതിനേക്കാൾ ഏറെ അംഗങ്ങൾ ഇതിലുണ്ടെന്നും യോഗേഷ് പറഞ്ഞു.
ഒക്ടോബര്‍ പന്ത്രണ്ടിനാണ് ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്. കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരാള്‍ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞ് രംഗത്തുവന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് കുറിപ്പിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതെന്നും ശ്രദ്ധേയമാണ്. ബാബാ സിദ്ദിഖി സംഘടിപ്പിക്കാറുള്ള വന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നു. താരങ്ങളുമായി അടുപ്പമുണ്ടായിരുന്നയാളായാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്. സല്‍മാനും ഷാരൂഖും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചത് 2013- ല്‍ സിദ്ദിഖി നടത്തിയ പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്നും സിദ്ദിഖിയാണ് ഇതിന് മുന്‍കൈ എടുത്തതെന്നും വാര്‍ത്തകളുണ്ടായിരുന്നു. സല്‍മാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിനുള്ള ബന്ധങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
മകന്‍ സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗറിലെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ ഓട്ടോറിക്ഷയില്‍ എത്തിയ മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് ബാബ സിദ്ദിഖിക്കുനേരെ വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഹരിയാന സ്വദേശികളാണ് പിടിയിലായത്.
Content Highlights: baba siddique had links with dawood ibrahim claims arrested bishnoi gang shooter
Published: 19 Oct 2024, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented