
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനയിൽനിന്ന് പ്രതിദിനം ആറ് മുതൽ എട്ട് ലക്ഷം രൂപയുടെ വരെ കൊള്ള നടന്നതായി പോലീസിന് സംശയം. ബാങ്ക് കണക്കുകളെ അടിസ്ഥാനമാക്കി, ക്ഷേത്ര സംഭാവനകളിൽ നിന്ന് പ്രതിദിനം 6 മുതൽ 8 ലക്ഷം രൂപ വരെ തട്ടിയെടുത്തതായി കണക്കാക്കുന്നുവെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മോഷണം പുറത്തുവരുന്നതിന് മുമ്പ് രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകളിൽ ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് പ്രതിദിനം വന്നിരുന്നത്. എന്നാൽ അന്വേഷണം ആരംഭിച്ചതോടെ ഈ തുക പ്രതിദിനം 24 മുതൽ 26 ലക്ഷം രൂപയായി വർദ്ധിച്ചു.
ക്ഷേത്രത്തിലെ പണപ്പിരിവ് എസ്ബിഐയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്, ഇതിനായി അവർ ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. നാല് കാണിക്കപ്പെട്ടികളിലായി ലഭിക്കുന്ന പണം 14 പേരടങ്ങുന്ന സംഘമാണ് എണ്ണുന്നത്. ഇതിൽ 11 ബാങ്ക് ജീവനക്കാരും 3 ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളും ഉൾപ്പെടുന്നു.
അന്വേഷണത്തിനിടെ ചില എസ്ബിഐ ജീവനക്കാരുടെയും പങ്ക് സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. പണമിടപാടുകളെക്കുറിച്ചും സാമ്പത്തിക കൈമാറ്റങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ അയോധ്യ പോലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തെഴുതിട്ടുണ്ട്.
വിരമിച്ച ബാങ്ക് ജീവനക്കാരനും കേസിലെ പ്രതിയുമായ സുഭാഷ് ശ്രീവാസ്തവയാണ് എണ്ണൽ പ്രക്രിയക്ക് മേൽനോട്ടം വഹിച്ചിരുന്നത്. സംഭാവന പെട്ടികളിൽ നിന്നുള്ള പണം പുറത്തെടുത്ത് എണ്ണുന്ന മുറിയിലേക്ക് കൊണ്ടുപോയി എസ്ബിഐക്ക് കൈമാറുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല.
സ്വർണാഭരണങ്ങൾക്കടക്കം കൃത്യമായ രേഖകളില്ലാത്തത് തട്ടിപ്പ് എളുപ്പമാക്കിയെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഫെബ്രുവരിയിലാണ് മോഷണം ആദ്യമായി ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം. എണ്ണൽ സമയത്ത് പണം മോഷ്ടിക്കപ്പെടുന്നുണ്ടെന്ന് സംഘത്തിലെ ഒരാൾ ചുമതലക്കാരനായ സുഭാഷ് ശ്രീവാസ്തവയെ അറിയിച്ചു. ഇതിന് ശ്രീവാസ്തവ, 'ദൈവം കാണുന്നുണ്ട്, ഇത് നിങ്ങളുടെയോ എന്റെയോ വീട്ടിൽ നിന്ന് പോകുന്നതല്ല' എന്ന് മറുപടി പറഞ്ഞതായി അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഇതുവരെ എസ്‌ഐടി അറസ്റ്റ് ചെയ്ത എട്ട് പ്രതികളിൽ ഒരാളാണ് ശ്രീവാസ്തവ. മറ്റുള്ളവർ അവിനാഷ് ശുക്ല, അനു സമഹു മിശ്ര, ടിന്നു യാദവ്, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ്.
സംഭാവനയായി ലഭിച്ച പണം എണ്ണാൻ ചുമതലപ്പെടുത്തിയ ജീവനക്കാരെയും ചില ബാങ്ക് ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സുരക്ഷാ ജോലികൾക്കായി നിയോഗിച്ച സ്വകാര്യ സുരക്ഷാ ഏജൻസിയെ പണം എണ്ണുന്നത് പോലുള്ള പ്രധാനപ്പെട്ട ജോലികൾ ചെയ്യാൻ അനുവദിച്ചത് എന്തുകൊണ്ട് എന്നതിനെക്കുറിച്ചും SIT ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.
ഇതിനിടെ മോഷ്ടിച്ച പണം ക്ഷേത്രത്തിനടുത്തുള്ള ഒരു പാർക്കിൽ വെച്ച് കൂട്ടാളികൾക്കിടയിൽ പങ്കിട്ടുവെന്ന് പ്രതിയായ അവിനാഷ് ശുക്ല പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ഭികാപുരിലെ 14 കോശി പരിക്രമ പാതയ്ക്ക് സമീപമുള്ള പാർക്കിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയെയും ട്രസ്റ്റിമാരായ അനിൽ മിശ്രയെയും ഗോപാൽ റാവുവിനെയും വെള്ളിയാഴ്ചയും ചോദ്യം ചെയ്തു. ഇവരുടെ സ്വകാര്യ സ്വത്തുക്കൾ സംബന്ധിച്ചും വരുമാന സ്രോതസ്സ് സംബന്ധിച്ചും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായാണ് വിവരം. സ്വത്ത് വിവരങ്ങളും രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിലും ഭൂമി വാങ്ങലുകളിലും കമ്മിഷൻ ലഭിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനിൽ മിശ്രയുടെയും ഗോപാൽ റാവുവിന്റെയും സ്വത്തുക്കളിൽ ഉണ്ടായ വർദ്ധനവും സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്.
Content Highlights: Daily theft of ₹6-8 lakhs reported from Ram Mandir donation boxes., Daily collections increased from ₹16-18 lakhs to ₹24-26 lakhs after investigation began., SIT has arrested 8 individuals, including former bank employee Subhash Srivastava., Enforcement Directorate (ED) involvement requested by Ayodhya Police., Trustees and officials are under scrutiny regarding asset accumulation and financial irregularities.
Published: 04 Jul 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented