
നിസാമാബാദ്: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പറയുന്ന കേന്ദ്രസര്‍ക്കാരിന് പഹല്‍ഗാമില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞില്ലേ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം.
തെലങ്കാനയിലെ നിസാമാബാദില്‍ വ്യാഴാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഒവൈസി കേന്ദ്രസര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചത്.
'പാകിസ്താനില്‍നിന്നും നുഴഞ്ഞുകയറിയ നാല് തീവ്രവാദികള്‍ പഹല്‍ഗാമില്‍ നമ്മുടെ 26 ഹിന്ദു സഹോദരങ്ങളുടെ ജീവനെടുത്തു. എങ്ങനെയാണ് ആ തീവ്രവാദികള്‍ അവിടെ എത്തിയത് എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുതരണം. ബിഹാറില്‍ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സാന്നിധ്യത്തെക്കുറിച്ച് അറിയാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ എങ്ങനെയാണ് നാലു ഭീകരര്‍ പഹല്‍ഗാമില്‍ എത്തിയത്?,' ഒവൈസി ചോദിച്ചു.
'ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുറിച്ച് സംസാരിക്കുമ്പോഴൊക്കെ, പഹല്‍ഗാമില്‍ നടന്ന ഭീകരതയ്ക്കുള്ള പ്രതികാരം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ നാല് ഭീകരവാദികളെയും പിടികൂടുന്നതുവരെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം,' ഒവൈസി ആവശ്യപ്പെട്ടു.
പഹല്‍ഗാമില്‍ സുരക്ഷാവീഴ്ച ഉണ്ടായതായുള്ള ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും ഒവൈസി ക്ഷുഭിതനായി. 'പിന്നെ എന്തുകൊണ്ടാണ് താങ്കള്‍ രാജിവെച്ച് പുറത്തുപോകാത്തത്?' ഒവൈസി ചോദിച്ചു. 'പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കണം എന്നല്ലേ നിങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, ആ നാല് തീവ്രവാദികളെയും പിടികൂടുംവരെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരണം. അവരെ പിടികൂടുംവരെ ഞങ്ങള്‍ ചോദ്യം ചോദിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും,' ഒവൈസി വ്യക്തമാക്കി.
Content Highlights: hyderabad mp asaduddin owaisi against central government decision over bihar voter roll revision
Published: 17 Jul 2025, 09:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented