ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജാമ്യംലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജയില്‍മോചനം ആഘോഷിക്കാന്‍ വീടിനു പുറത്ത് പടക്കം പൊട്ടിച്ചതിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള കെജ്‌രിവാളിന്റെ വീടിന് മുമ്പില്‍ പടക്കം പൊട്ടിച്ചതിനെതിരെയാണ്‌ കേസ്.

To advertise here,

ഭാരതീയ ന്യായ് സംഹിതയുടെ 223-ാം വകുപ്പ് പ്രകാരമാണ് കേസ്. അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉപയോഗം നിരോധിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചതിലാണ് കേസ്. മഞ്ഞുകാലത്ത് അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നിരോധനം.

വെള്ളിയാഴ്ചയാണ് കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജാമ്യം. ഇ.ഡി. കേസില്‍ നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇ.ഡി. കേസിന് പുറമേ സി.ബി.ഐ. എടുത്ത കേസിലും ജാമ്യം ലഭിച്ചതോടെയാണ് കെജ്‌രിവാൾ ജയില്‍ മോചിതനായത്.