
ന്യൂഡല്‍ഹി: കനത്ത മഴയില്‍ യമുനാ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ദുരിതത്തിലായ ഡല്‍ഹിയില്‍ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. വെള്ളം ഒഴുകി പോകാന്‍ തടസം നേരിടുന്ന ഇടങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനായി കരസേനയും നാവികസേനയും രംഗത്തുണ്ട്.
ഐ.ടി.ഒ പാലത്തില്‍ തകരാറിലായ തടയണയുടെ അഞ്ചു ഗേറ്റുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം രാത്രി സൈന്യത്തിന്റെ നേതൃത്വത്തില്‍ തുറന്നിരുന്നു. 20 മണിക്കൂറോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വെള്ളത്തിനടിയില്‍ അടിഞ്ഞുകൂടിയ ചളി കംപ്രസര്‍ ഉപയോഗിച്ച് നീക്കിയ ശേഷമായിരുന്നു ഗേറ്റ് തുറന്നത്. അധികം വൈകാതെ മറ്റ് ഗേറ്റുകളും തുറക്കുമെമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ അറിയിച്ചിട്ടുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ സൈന്യം തുടരുകയാണ്.
യമുനാതീരത്തെ വസീറാബാദ്, ചന്ദ്രവാല്‍, ഓഖ്ല എന്നീ ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതിനാല്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഓഖ്ല പ്ലാന്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞദിവസം പുനരാരംഭിച്ചെങ്കിലും പലയിടത്തും കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. വസീറാബാദ് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജലനിരപ്പ് താഴ്ന്നാല്‍ ഉടന്‍ പ്ലാന്റ് പ്രവര്‍ത്തനം സജ്ജമാക്കാന്‍ സാധിച്ചേക്കും.
അതിനിടെ ആശ്വാസം പകര്‍ന്ന് യമുനാനദിയില്‍ ജലനിരപ്പ് ശനിയാഴ്ച കുറഞ്ഞ് വരുന്നുണ്ട്. എന്നാല്‍ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല.
വെള്ളക്കെടുതി മൂലം ഡല്‍ഹിയില്‍ ഇരുപതിനായിരത്തിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചുണ്ടെന്നാണ് കണക്ക്. 45 വര്‍ഷത്തെ റെക്കോഡ് ഭേദിച്ച് യമുന കരകവിഞ്ഞ് ഒഴുകിയപ്പോള്‍ കിഴക്കന്‍ഡല്‍ഹിയും ഓള്‍ഡ് ഡല്‍ഹിയുടെ ഭാഗങ്ങളുമാണ് കടുത്ത ദുരിതത്തിലായത്. ഞായറാഴ്ചവരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്.
Content Highlights: Army, Navy Working Round-The-Clock To Stop Yamuna Flooding In Delhi
Published: 15 Jul 2023, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented