റാഞ്ചി: വഖഫ് ബിൽ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. വഖഫ് ഭേദ​ഗതി ബിൽ ബി.ജെ.പി സർക്കാർ പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

To advertise here,

വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ടെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. 'കർണാടകയിൽ ​ഗ്രാമീണരുടെ സ്വത്തുക്കൾ വഖഫ് ബോർഡ് കൈക്കലാക്കി. ക്ഷേത്രങ്ങളുടേയും കർഷകരുടേയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിൽ മാറ്റങ്ങൾ വേണോ വേണ്ടയോ എന്ന് നിങ്ങൾ പറയൂ'-റാലിക്കിടെ അമിത് ഷാ പറഞ്ഞു.  

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും രാഹുൽ ​ഗാന്ധിയും വഖഫ് ബോർഡിൽ മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. അവർ എതിർക്കെട്ടെ. വഖഫ് ഭേദ​ഗതി ബിൽ ബി.ജെ.പി. പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും ഷാ വ്യക്തമാക്കി.  

യൂണിഫോം സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും റാലിയിൽ അദ്ദേഹം അവകാശപ്പെട്ടു. 'നുഴഞ്ഞുകയറ്റക്കാരെ പരിശോധിക്കാൻ ഇത് ആവശ്യമാണ്. ആദിവാസികളെ യു.സി.സിയുടെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന് ഉറപ്പുനൽകുന്നു. ഝാർഖണ്ഡിൽ ബി.ജെ.പി. അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബം​ഗ്ലാദേശിലേക്ക് അയക്കും.'-അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് അമിത് ഷായുടെ പ്രസം​ഗം റിപ്പോർട്ടുചെയ്തത്. 

നവംബർ 13, 20 തീയതികളിലാണ് 81 അം​ഗ ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 23-ന് ഫലം പ്രഖ്യാപിക്കും.