
ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയില്‍ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ഇരയും പ്രതിയും ഉപയോഗിച്ച ഫോണ്‍ കണ്ടെത്തനായില്ല. മാനസിക ആഘാതത്തെ തുടര്‍ന്ന് പീഡനം നടന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിച്ചതായി ഇര മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.
ആളൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. 2016 ല്‍ ബലാത്സംഗം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രം മാനസിക ആഘാതത്തെ തുടര്‍ന്ന് കത്തിച്ചുകളഞ്ഞതായി ഇര മൊഴി നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രതി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച ഇരയുടെ ഫോണും കണ്ടെത്തനായില്ല. അതിനാല്‍ കേസില്‍ മെഡിക്കല്‍, ഇലക്ട്രോണിക് തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ പ്രതിയായ സിസി ജോണ്‍സനോട് 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു എങ്കിലും ലഭിച്ചില്ലെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. ഫോണിന്റെ ഡിസ്‌പ്ലേ കേടായപ്പോള്‍ സഹോദരീപുത്രന്‍ എഡ്വിന് കൈമാറിയെന്നാണ് ജോണ്‍സണ്‍ നല്‍കിയ മൊഴി. ഡിസ്‌പ്ലേ ശരിയാക്കിയ ശേഷം എഡ്വിന്‍ ലണ്ടനിലേക്ക് ഫോണ്‍ കൊണ്ടുപോയി. 2019 ല്‍ ലിവര്‍പൂളിലെ ഒരു കടയില്‍ ഈ ഫോണ്‍ നല്‍കിയശേഷം പുതിയ ഫോണ്‍ വാങ്ങി. അതിനാല്‍ തന്നെ ആ ഫോണ്‍ ഇനി ലഭിക്കാന്‍ ഇടയില്ലെന്നാണ് ജോണ്‍സന്‍ അറിയിച്ചിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.
ബലാത്സംഗം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലത്തെ ഇരയുടെയും പ്രതിയുടെയും മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ കൈമാറാന്‍ മൊബൈല്‍ കമ്പനികളോട് അവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഒരു വര്‍ഷത്തിലധികം കോള്‍ ഡീറ്റെയില്‍സ് സൂക്ഷിക്കില്ലെന്നാണ് കമ്പനികള്‍ അന്വേഷണസംഘത്തെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എമ്പറര്‍ ഇമ്മാനുവല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ കുറിച്ചും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മയൂഖ ജോണിക്ക് ലഭിച്ച അജ്ഞാത ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം നേരായ രീതിയിലാണ് പുരോഗമിക്കുന്നത്. എന്നാല്‍ അന്വേഷണവുമായി ജോണ്‍സണ്‍ സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കൂടുതല്‍ രേഖകള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി അയച്ച അശ്ലീല സന്ദേശങ്ങള്‍ അടങ്ങുന്ന സിഡി മയൂഖ ജോണിയുടെ പക്കല്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവ ഉചിതമായ സമയത്ത് ഹാജരാക്കുമെന്നും ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ബലാത്സംഗക്കുറ്റത്തിന് പുറമെ ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്ക് മേല്‍ ചുമത്തണമെന്നും ഇര സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഭീഷണി കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഇരയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
content highlights: aloor rape case, no evidence has been received so far, crime branch informed supreme court
Published: 02 Oct 2021, 11:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented