ന്യൂഡൽഹി: വിമാന ഇന്ധനവിലയിലുണ്ടായ വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാതാ നിയന്ത്രണങ്ങളുംമൂലം ഈവർഷം മേയ് മുതൽ ജൂലായ്‌വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയുടെ തീരുമാനം.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യംകാരണം പല വിദേശരാജ്യങ്ങളിലേക്കും കൂടുതൽ ദൈർഘ്യമുള്ള വ്യോമപാതകൾ സ്വീകരിക്കേണ്ടിവരുന്നത് ഇന്ധന ഉപഭോഗം വൻതോതിൽ വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ഇതുമൂലം മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് 22,000 കോടി രൂപയിലധികം നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കും.
നിലവിലെ സാഹചര്യത്തിൽ പല അന്താരാഷ്ട്ര സർവീസുകളും തുടരുന്നത് നഷ്ടം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ കാംപ്‌ബെൽ വിൽസൺ ജീവനക്കാർക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ഇന്ധനവില വർധനയും ദൂരമേറിയ യാത്രാമാർഗങ്ങളും വ്യോമയാന മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആഭ്യന്തര സർവീസുകളേയും ഇത് ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ധനവില വർധനയിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഈ മേഖലയിലെ ആഘാതം താരതമ്യേന കുറവാണെന്നും അദ്ദേഹം അറിയിച്ചു.
വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ് പരിഹരിക്കാൻ വിമാനടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയും ഇന്ധന സർചാർജ് ഏർപ്പെടുത്തുകയും ചെയ്‌തെങ്കിലും അത് പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് സി.ഇ.ഒ. ചൂണ്ടിക്കാട്ടി. ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കുന്നത് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്. ഇന്ധനവിലയിലെ കുതിച്ചുചാട്ടം വ്യോമയാന വ്യവസായത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.
വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 30-40 ശതമാനമാണ് സാധാരണമായി ഇന്ധനത്തിനായി ചെലവാകുന്നത്. എന്നാൽ യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില ഉയർന്നതോടെ ഇത് ഇപ്പോൾ 55-60 ശതമാനമായി കൂടിയിട്ടുണ്ട്.
Content Highlights: Air India is reducing international flight frequency from May to July 2026., Rising jet fuel prices and West Asia airspace restrictions are the core causes., The airline reported a loss of over ₹22,000 crore for the fiscal year ending March 2026., Increased airfares have failed to offset the surge in operational costs.
Published: 02 May 2026, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented