ന്യൂഡല്‍ഹി: ഘട്ടംഘട്ടമായി മിഗ് -21 യുദ്ധവിമാനം ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. സെപ്റ്റംബര്‍ മാസത്തോടെ മിഗ് 21 യുദ്ധവിമാനം പൂര്‍ണമായും ഒഴിവാക്കുമെന്നാണ് വിവരം. മിഗ്- 21 യുദ്ധവിമാനത്തിന് പകരം തേജസ് മാര്‍ക്ക് വണ്‍ എ (എംകെവണ്‍എ) വിമാനങ്ങള്‍ സേനയില്‍ ഉള്‍പ്പെടുത്തുമെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

To advertise here,

1963-ല്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മിഗ്- 21 യുദ്ധവിമാനങ്ങള്‍ 62 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സേനയില്‍നിന്ന് മാറ്റുന്നത്. പകരമായി നിലവിലുളള എല്ലാ സ്‌ക്വാഡ്രണുകളിലും തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളെത്തും. 

1963-ല്‍ സോവിയറ്റ് യൂണിയനുമായുള്ള കരാറിന്റെ ഭാഗമായാണ്  മിഗ്-21 യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ഇന്ത്യയുടെ തന്നെ ആദ്യത്തെ സൂപ്പര്‍സോണിക് ജെറ്റ് കൂടിയായിരുന്നു മിഗ്-21. 2019-ല്‍ പാകിസ്താനിലെ തീവ്രവാദി ക്യാംപുകള്‍ക്ക് നേരെ നടന്ന ബാലക്കോട്ട് വ്യോമാക്രമണത്തില്‍ മിഗ്-21 യുദ്ധവിമാനം ഉപയോഗിച്ചിരുന്നു. തീവ്രവാദികളുമായുള്ള ഈ ഏറ്റുമുട്ടലില്‍ ഒരു മിഗ്-21 യുദ്ധവിമാനം വെടിവെച്ചിടുകയും വിങ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക് സൈന്യം പിടികൂടുകയും ചെയ്തിരുന്നു. 

വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചെങ്കിലും വിവിധ കാലങ്ങളിലുണ്ടായ അപകടങ്ങള്‍ മിഗ്-21 യുദ്ധവിമാനത്തിന്റെ പേരിന് കളങ്കം വരുത്തിയിരുന്നു.