ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേന കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചു. 'മെയ്ഡ് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള വ്യോമസേനയുടെ നിര്‍ദ്ദേശത്തിന്മേല്‍ പ്രതിരോധ മന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചു. ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് ഏവിയേഷനും ഇന്ത്യന്‍ എയ്റോസ്പേസ് സ്ഥാപനങ്ങളും ചേര്‍ന്നായിരിക്കും വിമാനങ്ങള്‍ നിര്‍മ്മിക്കുക. 

To advertise here,

60 ശതമാനത്തിലധികം ഇന്ത്യന്‍ നിര്‍മ്മിത ഘടകങ്ങള്‍ ഉള്‍പ്പെടെ രണ്ടുലക്ഷം കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ നിര്‍ദ്ദേശം, പ്രതിരോധ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ബോര്‍ഡ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ചയ്ക്കെടുക്കും. പദ്ധതി പൂര്‍ത്തിയായാല്‍, ഇന്ത്യ ഒപ്പുവെക്കുന്ന എക്കാലത്തെയും വലിയ പ്രതിരോധ ഇടപാടായി ഇത് മാറും.

114 റഫാല്‍ വിമാനങ്ങള്‍ക്കായുള്ള സ്റ്റേറ്റ്‌മെന്റ് ഓഫ് കേസ് (SoC) ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചു. ഇക്കാര്യം, പ്രതിരോധ ധനകാര്യ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. ചര്‍ച്ചകള്‍ക്ക് ശേഷം, നിര്‍ദ്ദേശം ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ബോര്‍ഡിനും (ഡിപിബി) പിന്നീട് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിനും സമര്‍പ്പിക്കും - പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഈ പ്രതിരോധ ഇടപാട് പൂര്‍ത്തിയാകുന്നതോടെ സേനയുടെ ഭാഗമായുള്ള റഫാല്‍ വിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി 36 റഫാല്‍ വിമാനങ്ങളുണ്ട്. കൂടാതെ, സര്‍ക്കാര്‍ തലത്തിലുള്ള കരാറുകള്‍ പ്രകാരം ഇന്ത്യന്‍ നാവികസേന 36 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനെതിരെ റഫാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമസേനയുടെ ഈ നിര്‍ദ്ദേശം. സ്‌പെക്ട്ര ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട് ഉപയോഗിച്ച് ചൈനയുടെ പിഎല്‍-15 എയര്‍-ടു-എയര്‍ മിസൈലുകളെ സമഗ്രമായി പരാജയപ്പെടുത്താന്‍ റഫാലിന് കഴിഞ്ഞിരുന്നു.