ബെംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ 'ആദിത്യ എല്‍-1' സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11.50-നാണ് വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 

To advertise here,

പിഎസ്എല്‍വി എക്‌സ്എല്‍ റോക്കറ്റിലാണ് പേടകത്തിന്റെ വിക്ഷേപണം. സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച് നാലു മാസംകൊണ്ട് ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള എല്‍-1 (ലാഗോൻഷ്‌ പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാനാകും. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ദൗത്യത്തിലൂടെ ഇസ്‌റോ ലക്ഷ്യമിടുന്നത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും  നിരീക്ഷിക്കും. 

വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി.), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നെറ്റോമീറ്റര്‍ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് പേകടത്തിലുള്ളത്. 

ചന്ദ്രയാന്‍-3 ദൗത്യം വിജയകരമായതിന് തൊട്ടുപിന്നാലെയാണ് സൂര്യനിലെ രഹസ്യം തേടിയുടെ ഇസ്‌റോയുടെ യാത്ര. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വിജയത്തിനു പിന്നാലെ ആദിത്യ എല്‍-1 ഉടന്‍ വിക്ഷേപിക്കുമെന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.