ന്യൂഡല്‍ഹി: ചന്ദ്രയാന്‍- 3 ന്റെ വിജയത്തിന് പിന്നാലെ ആദിത്യ-എല്‍ 1-ന്റെ വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രപഞ്ചരഹസ്യങ്ങള്‍ മനസിലാക്കുന്നതിനായി ഇന്ത്യ അശ്രാന്തപരിശ്രമം തുടരുമെന്നും മോദി പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

To advertise here,

"മാനവരാശിയുടെ ക്ഷേമത്തിനായി പ്രപഞ്ചത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള പരിശ്രമങ്ങള്‍ നമ്മള്‍ തുടരും", മോദി കുറിച്ചു. കൂടാതെ ഇസ്‌റോയിലെ ശാസ്ത്രജ്ഞരേയും സാങ്കേതിക വിദഗ്ധരേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

സൂര്യനെ കുറിച്ചുള്ള കൂടുതല്‍ പഠനം ലക്ഷ്യമിട്ടുള്ള ഇന്ത്യ സൗരദൗത്യത്തിന്റെ ഭാഗമായ ആദിത്യ-എല്‍ 1 ശനിയാഴ്ച രാവിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയത്. ചന്ദ്രനില്‍ നിന്നുള്ള നിര്‍ണായകവിവരങ്ങള്‍ പ്രഗ്യാന്‍ വഴി ലഭിക്കുകയും ചെയ്തു.