
ന്യൂഡല്‍ഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തത് ശരിയായ രീതിയിലല്ലെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അംഗമാണ് അധീര്‍ രഞ്ജന്‍ ചൗധരി. ചുരുക്കപ്പട്ടികയിലുള്ള പേരുകള്‍ തനിക്ക് മുന്‍കൂട്ടി ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് നടപടിയെ ചോദ്യംചെയ്തുകൊണ്ടാണ് അധീര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
ഇലക്ഷന്‍ കമ്മീഷണര്‍മാരെ തിരഞ്ഞെടുത്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അധീര്‍ തന്റെ വിയോജിപ്പും അതിന് ആധാരമായ കാര്യങ്ങളും വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രിയെയും അധീര്‍ രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയില്‍ ഉണ്ടായിരുന്നത്.
തിരഞ്ഞെടുപ്പിന് 10 മിനിറ്റ് മുമ്പാണ് അവര്‍ എനിക്ക് ആറുപേരുടെ ലിസ്റ്റ് തന്നത്. തുടക്കത്തില്‍ 212 പേരുടെ ലിസ്റ്റാണ് നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയുടെ മുന്നില്‍ ഉണ്ടായിരുന്നത്. അതില്‍നിന്ന് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആറുപേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത് എന്നത് അവര്‍ വ്യക്തമാക്കിയിട്ടില്ല. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഉത്പല്‍ കുമാര്‍ സിങ്, പ്രദീപ് കുമാര്‍ തൃപാഠി, ഗ്യാനേഷ് കുമാര്‍, ഇന്ദേവര്‍ പാണ്ഡേ, സുഖ്ബീര്‍ സിങ് സന്ധു, സുധീര്‍ കുമാര്‍ ഗംഗാധര്‍ റഹാതേ എന്നിവരാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ആ ആറുപേരെന്നും അധീര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് ജസ്റ്റിസും ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍, തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസ് അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെതന്നെ തീരുമാനമെടുക്കാവുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്നും അധീര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ തങ്ങളുടെ ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അധീര്‍ ആരോപിച്ചു.
ഗ്യാനേഷ് കുമാര്‍ കേരള കേഡറിലേയും സുഖ്ബിര്‍ സിങ് സന്ധു പഞ്ചാബ് കേഡറിലേയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ്. വിരമിച്ച കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെക്കും രാജിവെച്ച കമ്മിഷണര്‍ അരുണ്‍ ഗോയലിനും പകരമാണ് രണ്ട് അംഗങ്ങളെ തിരഞ്ഞെടുത്തത്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.
Content Highlights: adhir ranjan chowdhury crtitisises new election commissioners selection 2024
Published: 14 Mar 2024, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented