ന്യൂഡൽഹി: രാജ്യസഭാംഗങ്ങളായ രാഘവ് ഛദ്ദയും മറ്റ് ആറുപേരും ആം ആദ്മി പാർട്ടി (എഎപി) വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബിജെപി നടത്തിയത് ഓപ്പറേഷൻ താമരയെന്ന് കുറ്റപ്പെടുത്തി എഎപി. ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, തങ്ങളുടെ ഏഴ് എംപിമാരെ ബിജെപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഉപയോഗിച്ച് ആകർഷിച്ചതായി എഎപി എംപി സഞ്ജയ് സിങ് ആരോപിച്ചു.
"ബിജെപി അന്വേഷണസംവിധാനങ്ങൾ ഉപയോഗിച്ച് ഭയം സൃഷ്ടിക്കുകയും ഓപ്പറേഷൻ താമര നടത്തുകയും ചെയ്തു," സഞ്ജയ് സിങ് പറഞ്ഞു. ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭഗവന്ത് മാൻ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നതായും എഎപി നേതാവ് ആരോപിച്ചു.
ഛദ്ദ എഎപി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, എഎപിയിലെ രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് പേരും ബിജെപിയിൽ ലയിക്കാൻ ഭരണഘടനാപരമായ വ്യവസ്ഥകൾ പ്രകാരം തീരുമാനിച്ചതായി ഛദ്ദ പറഞ്ഞു. എഎപിക്ക് രാജ്യസഭയിൽ 10 എംപിമാരുണ്ട്. ഛദ്ദയോടൊപ്പം സന്ദീപ് പാഠക്, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിങ് എന്നിവരും മറ്റ് രണ്ടുപേരും ബിജെപിയിൽ ചേരാൻ തീരുമാനിച്ചു.
ഛദ്ദയെ പ്രധാന പാർലമെന്ററി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ എഎപിയിൽ വർധിച്ചു വരുന്ന അതൃപ്തിക്കിടെയാണ് ഈ പ്രഖ്യാപനം വന്നത്. സമീപ വർഷങ്ങളിൽ എഎപി നേതൃത്വത്തിലുണ്ടായ ഏറ്റവും വലിയ ആഭ്യന്തര വിള്ളലുകളിൽ ഒന്നായാണ് കണക്കാക്കുന്നത്. "ഞങ്ങളുടെ പാർട്ടി ഈ ഏഴ് എംപിമാർക്കായി ഇത്രയധികം കാര്യങ്ങൾ ചെയ്തു. പഞ്ചാബിലെ ജനങ്ങൾ അവർക്ക് ഇത്രയധികം സ്നേഹം നൽകി. അവർ അവരെ രാജ്യസഭയിലേക്ക് അയച്ചു. എന്നിട്ടും, അവർ ബിജെപിയുടെ മടിത്തട്ടിലെത്തി. പഞ്ചാബിലെ ജനങ്ങൾ ഈ രാജ്യദ്രോഹികൾക്ക് മാപ്പുനൽകില്ല," അദ്ദേഹം പറഞ്ഞു.
മാൻ സർക്കാരിനെതിരായ ഓപ്പറേഷൻ താമരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പഞ്ചാബിലെ ജനങ്ങൾ ശിക്ഷിക്കുമെന്നും സിങ് കൂട്ടിച്ചേർത്തു."ഭഗവന്ത് മാൻ സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങൾക്ക് തടയിടാൻ ബിജെപി ശ്രമിച്ചു. പഞ്ചാബ് സർക്കാരിനെതിരെ ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ചു," അദ്ദേഹം ആരോപിച്ചു.
Content Highlights: Raghav Chadha and six other AAP Rajya Sabha MPs defected to the BJP., AAP leader Sanjay Singh labels the move as 'Operation Lotus'., Allegations of ED and CBI misuse to destabilize the Bhagwant Mann government., AAP claims this is a major internal split within the party leadership., BJP is accused of leveraging investigative agencies to pressure AAP members.
Published: 24 Apr 2026, 07:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented