ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി എഎപി നേതാക്കൾ.
കോടതി നടപടികൾ പുരോഗമിച്ചതോടെ മന്ത്രി അതിഷിയും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള എഎപി നേതാക്കൾ ലാപ്ടോപ്പിന് മുന്നിൽ തന്നെ നിലയുറപ്പിച്ചിരുന്നു. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ സന്തോഷത്തോടെ പരസ്പരം ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എഎപി നേതാക്കൾ പങ്കുവച്ചു.
നുണകൾക്കും ഗൂഢാലോചനകൾക്കുമെതിരായ പോരാട്ടത്തിൽ സത്യം വീണ്ടും വിജയിച്ചുവെന്ന് സിസോദിയ എക്സിൽ കുറിച്ചു. സ്വേച്ഛാധിപത്യത്തിനെതിരെ സാധാരണക്കാരനെ 75 വർഷം മുമ്പേ ശക്തിപ്പെടുത്തിയ ബാബാ സാഹിബ് അംബേദ്കറുടെ ചിന്തയ്ക്കും ദീർഘവീക്ഷണത്തിനും മുന്നിൽ ആദരവർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'സത്യമേവ ജയതേ. സത്യത്തെ അസ്വസ്ഥപ്പടുത്താം, തോൽപ്പിക്കാനാവില്ല', അതിഷി എക്സിൽ കുറിച്ചു.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ അപേക്ഷയിൽ വിധിപറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്‌രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിർത്തിരുന്നു. അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാൽ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്‌രിവാൾ വാദിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 12 നാണ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇ.ഡി.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം സിബിഐ അറസ്റ്റ് ചെയ്തതിനാൽ കെജ്‌രിവാൾ തിഹാർ ജയിലിൽ തന്നെ തുടരുകയായിരുന്നു.
ഇ.ഡി രജിസ്റ്റർചെയ്ത കേസിലെ ജാമ്യം അപ്രസക്തമാക്കാൻ മാത്രമായിരുന്നു കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ വിചാരണ ഉടനടിയൊന്നും തീരാൻ സാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം ആയതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയിൽ മോചിതനാകുമെങ്കിലും, കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക ചുമതലകൾ വഹിക്കാൻ പരിമിതികളുണ്ടാകും.
ഇ.ഡി കേസിൽ ജാമ്യം അനുവദിക്കുമ്പോൾ കെജ്‌രിവാൾ സെക്രട്ടറിയേറ്റിൽ പ്രവേശിക്കരുതെന്നും ഫയലുകൾ ഒപ്പിടരുതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ഇപ്പോൾ മറ്റ് നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നില്ലെന്ന് ജസ്റ്റിസ് ഭുയാൻ തന്റെ വിധിയിൽ രേഖപ്പെടുത്തി.
Content Highlights: APP leaders celebrated Arvind Kejriwal's bail
Published: 13 Sept 2024, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented