ഒരു ദയയുമില്ലാതെ നിരപരാധികളെ ഭീകരര്‍ കൊന്നൊടുക്കുമ്പോള്‍ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പ്രസക്തമാവുന്നു. ജമ്മു-കശ്മീര്‍, ഹരിയാണ, യുപി എന്നിവിടങ്ങളില്‍നിന്നായി മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേര്‍ പിടിയിലായതിനു പിന്നാലെയാണ് ചെങ്കോട്ടയില്‍ സ്‌ഫോടനമുണ്ടായത്.

To advertise here,

ഭീകരരുടെ ശൃംഖലയില്‍ വിള്ളലുണ്ടാക്കാന്‍ ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിനായി എന്നത് വലിയ കാര്യമാണ്. എന്നാല്‍, തിങ്കളാഴ്ച രാവിലെ ഹരിയാണയിലെ ഫരീദാബാദില്‍നിന്ന് 350 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതിന് ശേഷവും രാജ്യതലസ്ഥാനത്ത് അതിജാഗ്രത പുലരാതെപോയത് എന്തുകൊണ്ടാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം അവഗണിക്കാനാവില്ല.

2019-ല്‍ പുല്‍വാമയിലും ഈ വര്‍ഷം ഏപ്രിലില്‍ പഹല്‍ഗാമിലും നടന്ന ഭീകരാക്രമണങ്ങളിലും സുരക്ഷാവീഴ്ചകള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. 40 സിആര്‍പിഎഫ് ജവാന്മാരെ ഇല്ലാതാക്കുന്നതിന് വന്‍ സ്‌ഫോടകശേഖരം എങ്ങനെ പുല്‍വാമയിലെത്തിക്കാന്‍ ഭീകരര്‍ക്കായി എന്ന ചോദ്യം ഇപ്പോഴും ഉത്തരംകിട്ടാതെ അവശേഷിക്കുന്നുണ്ട്. പഹല്‍ഗാമില്‍ കൂട്ടക്കൊല നടത്തിയ നാല് ഭീകരര്‍ എങ്ങനെ അവിടെയെത്തി എന്ന ചോദ്യവും ഇന്ത്യയുടെ അന്തരീക്ഷത്തില്‍ വിലയംപ്രാപിക്കാതെ നില്‍ക്കുന്നുണ്ട്.

വീഴ്ചകളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാതിരുന്ന ഭരണാധികാരികള്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. അങ്ങനെ ഒളിച്ചോടാന്‍ ശ്രമിച്ചപ്പോള്‍ ഭരണകക്ഷിക്കുള്ളില്‍ നിന്നുതന്നെ ചോദ്യശരങ്ങള്‍ ഉയര്‍ന്ന ചരിത്രവും കാണാതിരിക്കാനാവില്ല. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധത്തിലുണ്ടായ തിരിച്ചടികളുടെ ഉത്തരവാദിത്വത്തില്‍നിന്ന് പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോനെ രക്ഷിക്കാന്‍ നീക്കമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മഹാവിര്‍ ത്യാഗി പ്രധാനമന്ത്രി നെഹ്റുവിന്റെ മുഖത്തുനോക്കി പറഞ്ഞത് കൃഷ്ണമേനോന്‍ രാജി വെക്കുന്നില്ലെങ്കില്‍ നെഹ്റുവിന്റെ രാജി വേണ്ടിവരുമെന്നാണ്.

2008 നവംബര്‍ 26-ന് മുംബൈയില്‍ പാക് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയും അതിനോടുള്ള മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ പ്രതികരണവും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. 166 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആക്രമം നടത്തിയ പത്തുഭീകരരില്‍ ഒന്‍പതുപേരെയും വധിച്ചു. അജ്മല്‍ കസബ് എന്ന പത്താമന്‍ ഇന്ത്യന്‍ നിയമപാലകരുടെ പിടിയിലായി. ഭീകരാക്രമണത്തില്‍ തങ്ങള്‍ക്കുണ്ടായ വീഴ്ചകള്‍ ഏറ്റെടുക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന് മടിയുണ്ടായില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ കസേര തെറിച്ചു. പകരം ധനമന്ത്രി പി. ചിദംബരം ആഭ്യന്തര മന്ത്രിയായി. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖും ഉപമുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീലും രാജിവെച്ചു.

ഡല്‍ഹിയില്‍ െലഫ്. ഗവര്‍ണറാണ് അധികാരകേന്ദ്രം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ് ലെഫ്. ഗവര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് ആത്യന്തികമായി എത്തിനില്‍ക്കുക കേന്ദ്ര ആഭ്യന്തരമന്ത്രിയിലാണെന്ന് സാരം. ഉത്തരവാദിത്വം ജനാധിപത്യത്തില്‍ സുപ്രധാനമാണ്. വീഴ്ചകളുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ അതിന്റെ പൊരുള്‍ ഭരണകൂടം കൈകഴുകി ഒഴിഞ്ഞുമാറുന്നു എന്നുതന്നെയാണ്.