
ചെങ്കോട്ടയിലെ സ്ഫോടന സ്ഥലത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) കാവൽ നിൽക്കുന്നു | Photo: ANI
ന്യൂഡൽഹി: 1993 മാർച്ച് 12, മുംബൈ മഹാനഗരത്തെ നടുക്കിക്കൊണ്ട് 13 ഇടങ്ങളിൽ സ്‌ഫോടനപരമ്പരകൾ അരങ്ങേറി. 257 പേരുടെ ജീവനെടുത്ത രാജ്യത്തെ ഒന്നാകെ ആശങ്കയിലാക്കിയ ഭീകരാക്രമണം. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറത്ത് ഭയാനകമായ ആ സമാനത ഡൽഹിയിലും ആവർത്തിക്കപ്പെടുമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
അൽ ഫലാ യൂണിവേഴ്സിറ്റിയിലെ ആറ് ഡോക്ടർമാർ ഉൾപ്പെട്ട മൊഡ്യൂൾ, രാജ്യത്തെ നടുക്കിയേക്കാവുന്ന ഒരു സ്ഫോടന പരമ്പരക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അമോണിയം നൈട്രേറ്റ് ഉൾപ്പെടുന്ന സ്ഫോടകവസ്തുക്കൾ നിറച്ച ഡസൻ കണക്കിന് വാഹനങ്ങൾ നഗരത്തിന്റെ തിരക്കേറിയ വിവധ ഭാഗങ്ങളിലേക്ക് ഓടിച്ചുക്കൊണ്ടുപോയി പൊട്ടിത്തെറിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രകാരൻ എന്ന് സംശയിക്കുന്ന ഡോ. ഉമർ അംഗമായിരുന്ന സംഘം, രണ്ട് വർഷത്തിലേറെയായി ഡൽഹി-എൻസിആറിലും മറ്റ് നഗരങ്ങളിലും മാരകമായ തുടർസ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. 2025 ഒക്ടോബർ അവസാനത്തിൽ ശ്രീനഗറിൽ ജയ്ഷെ-മുഹമ്മദിനെ പ്രശംസിക്കുന്ന പോസ്റ്ററുകളുമായി ഈ സംഘത്തിനുള്ള ബന്ധം ജമ്മു കശ്മീരിലെ പോലീസുകാർ കണ്ടെത്തിയില്ലായിരുന്നെങ്കിൽ, 1993-ലെ മുംബൈ സ്ഫോടനങ്ങളുടെ ഭയാനകമായ ആവർത്തനത്തിന് ഇന്ത്യ ഒരുപക്ഷേ സാക്ഷ്യം വഹിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
1993 മാർച്ച് 12ന് ആർഡിഎക്സ് നിറച്ച ഡസനിലധികം കാറുകളും സ്കൂട്ടറുകളും മുംബൈയിലെ പ്രമുഖ സ്ഥലങ്ങളായ സ്റ്റോക്ക് എക്സ്ചേഞ്ച്, ഡയമണ്ട് മാർക്കറ്റ്, റീജിയണൽ പാസ്പോർട്ട് ഓഫീസ്, എയർ ഇന്ത്യ ആസ്ഥാനം, ഫൈവ്സ്റ്റാർ ഹോട്ടൽ എന്നിവിടങ്ങളിൽ പൊട്ടിത്തെറിച്ചു. ഈ ആക്രമണങ്ങളിൽ 257 നിരപരാധികളായ പൗരന്മാർ കൊല്ലപ്പെടുകയും 1400-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാകിസ്താന്റെ ഐഎസ്‌ഐ, ദാവൂദ് ഇബ്രാഹിമിന്റെ ക്രൈം സിൻഡിക്കേറ്റിനെ ഉപയോഗിച്ചാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ തകർക്കാൻ മൂന്ന് ഘട്ടങ്ങളുള്ള മാരകമായ ഈ പദ്ധതി നടപ്പിലാക്കിയത്. പാകിസ്താൻ ആർമി നൽകിയ മിലിട്ടറി ഗ്രേഡ് ആർഡിഎക്സ്, റാവൽപിണ്ടിയിലെ വാ നോബൽ ഇൻഡസ്ട്രീസ് ആണ് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പീരങ്കി ഷെല്ലുകൾ, മൈനുകൾ, വിമാന ബോംബുകൾ എന്നിവയിൽ ഉപയോഗിക്കുന്നതിനാണ് ആർഡിഎക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കറാച്ചിയിൽ നിന്ന് ഒരു കപ്പലിൽ മഹാരാഷ്ട്ര തീരത്തിറക്കിയ സ്ഫോടകവസ്തുക്കൾ, മഹിമിലെ അൽ ഹുസൈനി കെട്ടിടത്തിലുള്ള ഇബ്രാഹിം മുഷ്താഖ്, ടൈഗർ മേമന്റെ വീട്ടിലെത്തിച്ചു. ഇവിടെ വെച്ച് ബോംബുകൾ നിർമ്മിച്ച് അഞ്ചുകാറുകളിലും മൂന്ന് ജീപ്പുകളിലും മൂന്ന് സ്കൂട്ടറുകളിലുമായി നിറച്ച് മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യുകയായിരുന്നു.
ഇത് ആദ്യ ഘട്ടം മാത്രമായിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങൾ അക്രമികൾ പദ്ധതിയിട്ടിരുന്നു. ദാവൂദിന്റെ കൂട്ടാളികളെ ഉപയോഗിച്ച് തോക്കുകളും ഗ്രനേഡുകളുമായി സംസ്ഥാന സർക്കാർ കെട്ടിടങ്ങൾ ആക്രമിക്കുക എന്നതായിരുന്നു രണ്ടാം ഘട്ടം. നഗരത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ആക്രമണ റൈഫിളുകളും ഗ്രനേഡുകളും വിതരണം ചെയ്ത് വലിയ തോതിലുള്ള വർഗീയ ലഹളകൾ സൃഷ്ടിക്കുക എന്നതായിരുന്നു മൂന്നാം ഘട്ടം. സ്ഫോടനങ്ങൾക്ക് ശേഷം ദാവൂദിന്റെ കൂട്ടാളികൾ ഭയന്ന് ഓടി രക്ഷപ്പെട്ടതോടെ അവസാനത്തെ ഈ രണ്ട് ഘട്ടങ്ങളും ഉപേക്ഷിക്കപ്പെട്ടു.
ഡൽഹിയിൽ ആക്രമണം നടത്തിയ ഡോക്ടർ മൊഡ്യൂൾ സംഘം അമോണിയം നൈട്രേറ്റ് ഉൾപ്പെടെ ഏകദേശം മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ സംഭരിക്കുകയും നിരവധി മോട്ടോർ വാഹനങ്ങൾ വാങ്ങാൻ തുടങ്ങുകയും ചെയ്തിരുന്നു. അമോണിയം നൈട്രേറ്റ് കുറഞ്ഞ ഊർജ്ജമുള്ള ഒരു ദ്വിതീയ സ്ഫോടകവസ്തുവാണ്. ഇതിന് ടിഎൻടിയുടെ 85 ശതമാനം ശക്തിയും ആർഡിഎക്സിന്റെ പകുതി ശക്തിയും മാത്രമേയുള്ളൂ. എന്നാൽ അളവുയർത്തി ലക്ഷ്യം നേടാനാണ് ഗൂഢാലോചനക്കാർ ശ്രമിച്ചതെന്നാണ് നിഗമനം.
ജമ്മു കശ്മീർ പോലീസും ഹരിയാണ പോലീസും ഫരീദാബാദിലെ ഒരു സംഭരണശാലയിൽ നിന്ന് 2,900 കിലോയോളം അമോണിയം നൈട്രേറ്റാണ്
കണ്ടെടുത്തത്. അൽ-ഫലാഹ് സർവകലാശാലയ്ക്ക് കീഴിലെ അൽ-ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലെ മൂന്ന് ഡോക്ടർമാരെയും സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയിരുന്നു. തീവ്രവാദ ശൃംഖലയുമായി ബന്ധമുള്ള ഇവരെ അറസ്റ്റ്‌ചെയ്തതിന് പിന്നാലെയാണ് ഇവരുടെ കൂട്ടാളിയായ ഡോ. ഉമർ മുഹമ്മദ് ഡൽഹിയിൽ ചാവേർ സ്‌ഫോടനം നടത്തിയത്.
ഡൽഹിയിലെ 'ഹൈ-പ്രൊഫൈൽ' മേഖലകളിൽ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഡൽഹിക്ക് പുറമേ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാനകേന്ദ്രങ്ങളും ഭീകരർ ലക്ഷ്യമിട്ടിരുന്നു. 1993ൽ മുംബൈ പോലീസ് മേമന്റെ വീട്ടിൽ റെയ്ഡ് നടത്തി സ്ഫോടകവസ്തുക്കൾ നിറച്ച നിരവധി വാഹനങ്ങൾ കണ്ടെത്തിയെങ്കിലും അവർക്ക് സ്ഫോടനം തടയാൻ സാധിച്ചിരുന്നില്ല. എന്നാൽ കൃത്യമായ ഇടപെടലിലൂടെ ഡൽഹിയിൽ ഉണ്ടാകുമായിരുന്ന ഒരു സ്ഫോടന പരമ്പര തകർക്കാൻ കഴിഞ്ഞതിന്റെ ആശ്വസത്തിലാണ് ഉദ്യോഗസ്ഥർ.
Content Highlights: Discover the chilling parallels between the 1993 Mumbai bombings and a foiled 2025 terror plot. Uncover the tactics, motives, and the crucial role of intelligence.
Published: 15 Nov 2025, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented