അബുദാബി: മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുമായി പുതിയ നിയമം പുറത്തിറക്കി യുഎഇ. ഈ രംഗത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താൻ ലക്ഷ്യമിട്ടാണ് വെറ്ററിനറി മെഡിക്കല്‍ ഉല്‍പ്പന്നങ്ങളേയും വെറ്ററിനറി ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളേയും സംബന്ധിച്ച പുതിയ നിയമം നടപ്പാക്കുന്നത്. വ്യാജമോ കേടായതോ കാലാവധി കഴിഞ്ഞതോ ആയ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരം പുതിയ നിയമത്തിലൂടെ കര്‍ശനമായി നിരോധിക്കും. വെറ്ററിനറി മരുന്നുകള്‍ കുറിച്ച് നല്‍കുന്നതിനും വില്‍ക്കുന്നതിനും നിയമത്തിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തും. അംഗീകൃതവും ലൈസന്‍സുള്ളതുമായ വെറ്ററിനറി ഡോക്ടര്‍ക്ക് മാത്രമേ മരുന്ന് കുറിപ്പടി നല്‍കാനോ അതില്‍ മാറ്റം വരുത്താനോ സാധിക്കൂ.
വെറ്ററിനറി ഉല്‍പ്പന്നങ്ങളുടെ വികസനം, അംഗീകാരം, നിര്‍മാണം, വിപണനം, വിതരണം എന്നിവയില്‍ രാജ്യത്ത് ശക്തമായ ദേശീയ മാനേജ്‌മെന്റ് സംവിധാനം നിലവില്‍വരും. വെറ്ററിനറി മരുന്നുകള്‍, ബയോളജിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കുത്തിവെപ്പ് സപ്ലിമെന്റുകള്‍, അസംസ്‌കൃത വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, നിയന്ത്രിതവും അര്‍ധനിയന്ത്രിതവുമായ മരുന്നുകള്‍ തുടങ്ങിയ എല്ലാ വെറ്ററിനറി ഉല്‍പ്പന്നങ്ങള്‍ക്കും നിയമം ബാധകമാണ്. വെറ്ററിനറി ഉല്‍പ്പന്നങ്ങളുടെ വികസനം, നിര്‍മാണം, രജിസ്‌ട്രേഷന്‍ വില നിര്‍ണയം, ഇറക്കുമതി, കയറ്റുമതി, വിതരണം, കൈവശം വെക്കല്‍, വില്‍പ്പന, പരസ്യം ചെയ്യല്‍, സുരക്ഷിതമായ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പുതിയ നിയമത്തിലൂടെ നിയന്ത്രിക്കും.
ഇറക്കുമതി ചെയ്യുന്നതിനും പ്രാദേശികമായി നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വെറ്ററിനറി ഉല്‍പ്പന്നങ്ങളുടെ വര്‍ഗീകരണം പ്രത്യേക നിബന്ധനകളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. വെറ്ററിനറി മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്കിനായുള്ള ദേശീയനയം മന്ത്രിസഭ അംഗീകരിച്ചശേഷം പുറത്തിറക്കാനുള്ള വ്യവസ്ഥകളും നിയമം വിശദീകരിക്കുന്നുണ്ട്.
വെറ്ററിനറി ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സിങ് നടപടികള്‍ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്നാണ് നിയന്ത്രിക്കുന്നത്. ഫ്രീസോണ്‍ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും. നിയമം പ്രാബല്യത്തില്‍വന്ന തീയതിമുതല്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷംവരെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താനും അധികൃതര്‍ സമയം അനുവദിച്ചിട്ടുണ്ട്.
Content Highlights: UAE Enhances Animal Health & Food Safety with New Veterinary Law
Published: 10 Dec 2025, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented