ജിദ്ദ: സൗദിയിലെ ബജറ്റ് എയര്‍ലൈനായ ഫ്ളൈഅദീല്‍, പൂര്‍ണമായും വനിതാ ജീവനക്കാരുമായി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. ജീവനക്കാരില്‍ ഭൂരിഭാഗവും സൗദികളാണ്.

To advertise here,

എയര്‍ലൈനിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെള്ളിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. 'സൗദി വ്യോമയാന ചരിത്രത്തില്‍ ആദ്യമായി സ്ത്രീ ജീവനക്കാരുമായി ഫ്ളൈഅദീല്‍ ആദ്യത്തെ ഫ്ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ഏറ്റവും പുതിയ T320 എയര്‍ക്രാഫ്റ്റിന്റെ 117 വിമാനത്തില്‍ ജീവനക്കാരില്‍ ഭൂരിഭാഗവും സൗദി വനിതകളുമായാണ് ജിദ്ദയില്‍നിന്നും വിമാനം കഴിഞ്ഞ ദിവസം പറന്നുയര്‍ന്നത്.

വ്യോമയാനവുമായി ബന്ധപ്പെട്ട പല സ്ഥാനങ്ങളിലും ദീര്‍ഘകാലം പുരുഷന്‍മാരാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. ഇപ്പോള്‍ പല സ്ത്രീകളും സ്വയം കരിയറുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏഴ് പേരടങ്ങുന്ന '117 വിമാനത്തില്‍ സഹ പൈലറ്റായത് സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് കൂടിയായ യാരാ ജാന്‍ എന്ന 23 കാരിയാണ്.

വ്യോമയാനരംഗത്ത് ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സൗദി വനിതകള്‍ക്കായി അഭിമാനമുണ്ട്. ഒരു സൗദി വനിത എന്ന നിലയില്‍ അഭിമാനകരമായ ചുവടുവെപ്പിലൂടെ എന്റെ രാജ്യത്തെ നയിക്കാന്‍ ശ്രമിക്കുന്നത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായിരുന്നുവെന്നും യാരാ ജാന്‍ പറഞ്ഞു. യുഎസിലെ ഫ്ളോറിഡയില്‍ ഫ്ളൈറ്റ് സ്‌കൂളില്‍ നിന്ന് 2019 ല്‍ ബിരുദം നേടിയ ജാന്‍ ഒരു വര്‍ഷം മുമ്പാണ് ഫ്ളൈഅദീലില്‍ ചേര്‍ന്നത്.

നാവിഗേഷന്‍ അടക്കമുള്ള നിരവധി പ്രധാന റോളില്‍ ജോലികളില്‍ പൈലറ്റിനെ സഹായിക്കുക എന്നതാണ് കോ-പൈലറ്റ് എന്നതിന്റെ സേവനമെന്ന് യാരാ ജാന്‍ പറഞ്ഞു. സൗദി യുവതികള്‍ക്ക് ഇത്തരമൊരു ജോലി എത്രത്തോളം പ്രധാനമാണെന്നും അവര്‍ക്കറിയാം.

'സൗദി വനിതാ പൈലറ്റ് എന്നത് പുതിയ കാര്യമാണെങ്കിലും, ഞങ്ങളുടെ തലമുറയ്ക്ക് അത് അസാധ്യമല്ല, പ്രത്യേകിച്ചും സൗദിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റാകാന്‍ എന്നെ വളരെയധികം പിന്തുണച്ച ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തില്‍ നിന്നും സമുന്നതരായ നേതാക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണക്ക് കടപ്പാടുണ്ട്. എയര്‍ലൈന്‍ രംഗത്ത് ഒരു നല്ല മാറ്റം വരുത്താനുള്ള അവസരം ലഭിച്ചതില്‍ ഞങ്ങള്‍ എപ്പോഴും സന്തുഷ്ടയാണ്''. യാരാ ജാന്‍ പറഞ്ഞു.

സൗദിയിലെ വനിതാ പൈലറ്റുമാരുടെ എണ്ണത്തില്‍ അടുത്തിടെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ മൂന്ന് വനിതാ പൈലറ്റുമാരുടെ പേരുകള്‍ വേറിട്ടുനില്‍ക്കുന്നു. സൗദി കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സോടെ പറക്കുന്ന ആദ്യ വനിതാ പൈലറ്റ് ഹനാദി സക്കറിയ അല്‍ ഹിന്ദി, യുഎഇയില്‍ നിന്ന് ആദ്യമായി എയര്‍ബസ് എ320 സിവില്‍ എയര്‍ക്രാഫ്റ്റ് എന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍ പറത്തിയ റാവിയ അല്‍-റിഫി, കൂടാതെ സൗദിയിലെ ഒരു വാണിജ്യ വിമാനത്തില്‍ സഹ-പൈലറ്റായ ആദ്യ വനിത യാസ്മിന്‍ അല്‍-മൈമാനിയ എന്നിവര്‍.