ഒരുകാലത്ത് പണക്കാര്‍ക്ക് മാത്രം സാധ്യമായിരുന്ന വിമാനയാത്രകള്‍ ഇന്ന് ഏറെ ജനകീയമായിക്കഴിഞ്ഞു. രാജ്യത്തിനകത്തൂടെയുള്ള സഞ്ചാരങ്ങള്‍ക്കും വിമാനയാത്രയെയാണ് വലിയൊരു വിഭാഗവും ഇന്ന് ആശ്രയിക്കുന്നത്. പക്ഷെ സ്ഥിരമായി വിമാനയാത്രകള്‍ ചെയ്യുന്നവര്‍ക്ക് പോലും ഇതുമായി ബന്ധപ്പെട്ട പല നിയമങ്ങളും അറിയില്ലെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. അത് പലരെയും വലിയ അബദ്ധത്തില്‍ ചാടിക്കാറുണ്ട്. വിമാനയാത്രയില്‍ മദ്യം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ചും പലര്‍ക്കും വലിയ തെറ്റിദ്ധാരണകളുണ്ട്.
രാജ്യത്തിനകത്തുകൂടെയുള്ള വിമാനയാത്രയില്‍ മദ്യം കൊണ്ടുപോകുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. ഇന്ത്യയിലെ വ്യോമയാന യാത്രയുടെ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം നിയമങ്ങളിലെ അറിവില്ലായ്മ കനത്ത പിഴയിലേക്കോ യാത്ര തടസപ്പെടുന്നതിനോ ചിലപ്പോള്‍ പോലീസ് കേസിനോ പോലും കാരണമായേക്കാം.
എത്ര കുപ്പി കൊണ്ടുപോകാം?
ആഭ്യന്തര വിമാനയാത്രികര്‍ക്ക് നിശ്ചയിക്കപ്പെട്ട അളവില്‍ മദ്യം കൂടെ കൊണ്ടുപോകാനുള്ള അനുമതിയുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ നിബന്ധനകളുണ്ട്. ചെക്ക് ഇന്‍ ബാഗേജില്‍ യാത്രക്കാര്‍ക്ക് 5 ലിറ്റര്‍ വരെ മദ്യം കൊണ്ടുപോകാം. പക്ഷെ ഈ മദ്യത്തിന്റെ ആല്‍ക്കഹോള്‍ കണ്ടന്റ് 70 ശതമാനത്തില്‍ കൂടാന്‍ പാടില്ല. അതേസമയം ഹാന്‍ഡ് ബാഗേജില്‍ അല്ലെങ്കില്‍ കാബിന്‍ ബാഗുകളില്‍ മദ്യം കൊണ്ടുപോകുന്നത് മിക്കവാറും വിമാനകമ്പനികള്‍ നിരോധിച്ചിട്ടുണ്ട്.
കാബിന്‍ ബാഗുകളില്‍ മദ്യം കൊണ്ടുപോകുന്നതിന് എയര്‍ ഇന്ത്യയില്‍ അനുമതിയില്ല. അതേസമയം വിസ്താര, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികള്‍ സെക്യൂരിറ്റി ചെക്കപ്പിന് ശേഷം വാങ്ങിയ മദ്യം ക്യാബിന്‍ ബാഗേജില്‍ അനുവദിക്കാറുണ്ട്. ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ കമ്പനികളില്‍ ഒരു ലിറ്റര്‍ വരെ ഇത്തരത്തില്‍ കൊണ്ടുപോകാം. ഈ രീതിയില്‍ വിമാനകമ്പനികള്‍ക്കനുസരിച്ച് ഈ നിയമങ്ങളില്‍ മാറ്റം വരാം. അതോടൊപ്പം നിലവില്‍ അനുകൂലമായ നിയമമുണ്ടെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ എന്ത് മാറ്റങ്ങള്‍ വരുത്താനും എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവാദമുണ്ട്.
യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യവും ഇത്തരത്തില്‍ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. വാങ്ങിയപ്പോള്‍ ലഭിച്ച പാക്കേജ് എങ്ങനെയാണോ അതുപോലെ തന്നെ ആയിരിക്കണം മദ്യം സൂക്ഷിക്കേണ്ടതും. കവര്‍ തുറക്കാനോ മദ്യത്തിന്റെ സീല്‍ പൊട്ടിക്കാനോ പാടില്ല. ആഭ്യന്തരയാത്രയില്‍ യാത്രക്കാര്‍ക്ക് വിമാനത്തില്‍ വെച്ച് മദ്യം ഉപയോഗിക്കാനും അനുവാദമില്ല. യാത്രക്കാര്‍ അമിതമായി മദ്യപിച്ചിട്ടുണ്ടെങ്കിലും മദ്യം സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് തോന്നിയാലും മദ്യം കൊണ്ടുപോകുന്നത് തടയാന്‍ എയര്‍ലൈന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരന് ബോര്‍ഡിങ് നിഷേധിക്കുകയോ മദ്യം കണ്ടുകെട്ടുകയോ ചെയ്യാം.
Content Highlights: What are the rules for carrying alcohol on domestic Indian flights
Published: 05 Jul 2024, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented