ചെറുതോണി: വിളികേൾക്കാത്തവരുടെ ലോകമാണ് ശ്മശാനം. എന്നാൽ, ഇടുക്കി ചെറുതോണി ഗാന്ധിനഗറിനടുത്ത് തേരകമരച്ചുവട്ടിലെ തിലകാശിപീഠമെന്ന ശ്മാനത്തിൽ കാതോർത്താൽ ചില കദനങ്ങൾ കേൾക്കാം. മരണം വിളിച്ചപ്പോൾ, ശരീരം ചാമ്പലാക്കാൻ, അല്ലെങ്കിൽ മറവുചെയ്യാൻ ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്തവരുടേതാണ് ഈ സങ്കടങ്ങൾ.

To advertise here,

അനാഥരായി വിടപറഞ്ഞവരുടെ, ചീറിപ്പാഞ്ഞുപോയ ഏതോ വണ്ടി തട്ടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് ഊരുംപേരുംപോലും അറിയാതെ മരവിച്ച് എത്തിയവരുടെയൊക്കെ നോവുകൾ അവിടെയുണ്ട്. മരണമെന്ന യാഥാർഥ്യത്തിനുമുന്നിൽ നിസ്സഹായരായി പോകേണ്ടിവന്നവർ ഇവിടെ അന്ത്യവിശ്രമത്തിലാണ്. തൊട്ടടുത്തുള്ള കുറവൻ, കുറത്തി മലകൾക്കിടയിൽനിന്ന് ഈ ശ്മശാനത്തിലൂടെ എത്തുന്ന കാറ്റ് മറ്റൊന്നുകൂടി പറയും -മരിച്ചവർക്കെല്ലാം ജാതിമത വ്യത്യാസമില്ലാതെ സൗജന്യമായി അന്ത്യവിശ്രമമൊരുക്കുന്ന, ശിവഭഗവാന്റെ പേരിലുള്ള ഹിന്ദുട്രസ്റ്റിന്റെ നന്മയെക്കുറിച്ചാണത്.

ചെറുതോണി ഗാന്ധിനഗർ കോളനിയിലെ ശ്രീ പെരിയാറ്റപ്പൻ ക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 80 സെന്റിലാണ് ശ്മശാനം. പല കാരണങ്ങളാൽ മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെവരുന്നവരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സങ്കോചമില്ലാതെ ഇവിടേക്ക് കയറിച്ചെല്ലാം. സഹായം ചോദിക്കാം. ജാതിയോ മതമോ പ്രശ്‌നമല്ല.

സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുടെ ആംബുലൻസ് ചെലവടക്കം ട്രസ്റ്റ് വഹിക്കും. അന്ത്യകർമങ്ങൾ നിർവഹിക്കണമെങ്കിൽ അതും. മറ്റ് മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അവരുടെ ആചാരപ്രകാരം കർമം നടത്തുന്നതിനും തടസ്സമില്ല. ദഹിപ്പിക്കാൻ സൗകര്യമുണ്ട്. മണ്ണോട് ചേരാനാണ് ഇഷ്ടമെങ്കിൽ അങ്ങനെയുമാകാം. പോലീസ് നടപടികൾക്കുശേഷം എത്തിക്കുന്ന മൃതദേഹത്തിനൊപ്പം പേരെഴുതി കുപ്പിയിലാക്കി കുഴിച്ചിടും. സംസ്‌കാരച്ചെലവുകൾക്കായി, ശ്മശാനഭൂമിക്ക് ചുറ്റും ഏലകൃഷിയും നടത്തുന്നു. വൈദ്യുതശ്മശാനംകൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ്. ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയായ കൊലുമ്പന്റെ ജടയും വടിയും സൂക്ഷിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രത്തിന് 50 വർഷത്തോളം പഴക്കമുണ്ട്. ഇതിന് അടുത്തുതന്നെയുള്ള ശ്മശാനത്തിൽ പണ്ട് ആദിവാസി, ഗോത്ര വിഭാഗക്കാരെ അടക്കിയിരുന്നു. ജാതി, മത ചിന്തകൾക്കപ്പുറം മാനവികതയുടെ സന്ദേശം പകരാനുള്ള ശ്രമമാണ് ഈ സേവനത്തിന് പിന്നിലെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പാർഥസാരഥി പറഞ്ഞു.