തൃപ്പൂണിത്തുറ: ഇത് എം.ആർ. ഷാജി, രാജനഗരിയിലെ ചായ വിൽപ്പനക്കാരൻ. നന്മയുടെ പ്രതീകം എന്ന് വിശേഷിപ്പിക്കാം. ഇന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറലാണ് സൈക്കിളിൽ ചായ വിറ്റുനടക്കുന്ന തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (52). ഇദ്ദേഹത്തെ കാണാനും അഭിനന്ദനം അറിയിക്കാനുമായി ഷാജിയുടെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുന്നുണ്ട്. നാടിന്റെ അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ ഷാജിക്ക്.

To advertise here,

പതിവുപോലെ സൈക്കിളിൽ ചായപ്പാത്രവുമായി ഓരോ കടകളിലും മറ്റും ചായ നൽകിപ്പോകവേയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷൻഭാഗത്ത് വലിയ ശബ്ദവും കരച്ചിലും കേട്ടത്. 16-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നുവിത്. ഒരു സ്‌കൂട്ടർ യാത്രക്കാരിയെ സ്വകാര്യ ബസ് ഇടിച്ചിട്ടിരിക്കുന്ന കാഴ്ച. ഓടിക്കൂടിയവരോടൊപ്പം ചേർന്ന് അവരെ വണ്ടിയുടെ മുൻ ചക്രത്തിനിടയിൽ നിന്നും എടുത്തപ്പോഴുള്ള കാഴ്ച, രക്തത്തിൽ കുളിച്ച്, ധരിച്ചിരുന്ന ചുരിദാറൊക്കെ അരയ്ക്കു താഴെ ഭാഗം കീറി ഇല്ലാതായിപ്പോയ നിലയിലായിരുന്നു. എപ്പോഴും മുണ്ടുടുത്ത് നടക്കാറുള്ള ഷാജി മറ്റൊന്നും നോക്കിയില്ല. താൻ ഉടുത്തിരുന്ന മുണ്ടഴിച്ച് ആ സ്ത്രീയെ ഉടുപ്പിക്കുകയായിരുന്നു. ആ സ്ത്രീയുടെ നഗ്‌നത മറച്ച ഷാജിയുടെ മനസ്സിനാണ് സമൂഹം കൈയടിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്കയച്ചു. മുണ്ടില്ലാതെ റോഡിൽ നിൽക്കുകയായിരുന്ന ഷാജിയുടെ അടുത്തേക്ക് സമീപത്തുള്ള 'മഹാരാഷ്ട്ര' വസ്ത്രാലയത്തിലെ ഉടമയുടെ മകൻ ഒരു പുതിയ മുണ്ടുമായെത്തി. അതുടുത്ത് ഷാജി വീണ്ടും ചായപ്പാത്രമുള്ള സൈക്കിളുമായി മുന്നോട്ടുചവുട്ടി. ''മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചിരുന്നു. കൊച്ചിയിൽ വരുമ്പോൾ കാണാം'' എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഷാജി പറഞ്ഞു.

ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലി പാലസ് സ്‌ക്വയർ ഭാഗത്തുള്ള ഷീജാ ജോർജ് (52) ആയിരുന്നു അപകടത്തിൽ പെട്ടത്. സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണിവർ.