ചാരുംമൂട്(ആലപ്പുഴ): മലയാളം പാഠങ്ങളാണ് അമ്മ മകളെ സ്കൂളിൽ പഠിപ്പിച്ചത്. 15 വർഷങ്ങൾക്കിപ്പുറം താളക്കണക്കുകൾക്കൊത്ത് ചുവടുവെക്കാനുള്ള പാഠങ്ങൾ മകൾ അമ്മയെ പഠിപ്പിച്ചു. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ അമ്മ അരങ്ങേറിയപ്പോൾ മകളിൽ ആനന്ദക്കണ്ണീർ. ആസ്വാദകസദസ്സിൽനിന്ന് കരഘോഷവും. താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക, താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി മഞ്ജീരം വീട്ടിൽ എസ്. അമ്പിളിയാണ് മകളുടെ ശിക്ഷണത്തിൽ ഭരതനാട്യം പഠിച്ച് അരങ്ങേറിയത്.

To advertise here,

മകൾ കലാമണ്ഡലം ശ്രീലക്ഷ്മിയാണ് അമ്മയെ അഭ്യസിപ്പിച്ചത്. കേരള കലാമണ്ഡലത്തിൽനിന്ന് മോഹിനിയാട്ടത്തിൽ ബിരുദവും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്ന് മോഹിനിയാട്ടത്തിൽ ബിരുദാനന്തരബിരുദവും നേടിയ ശ്രീലക്ഷ്മി താമരക്കുളം, ചാരുംമൂട് എന്നിവിടങ്ങളിൽ നൃത്തവിദ്യാലയം നടത്തുകയാണ്. ദൂരദർശനിൽ മോഹിനിയാട്ടം ഗ്രേഡ് ആർട്ടിസ്റ്റും യുജിസി നെറ്റ് ജേതാവും നൃത്തസംവിധായികയുമാണ് ശ്രീലക്ഷ്മി.

ചത്തിയറ സ്കൂളിൽ അഞ്ചാം ക്ലാസിലാണ് ശ്രീലക്ഷ്മിയെ അമ്മ പഠിപ്പിച്ചത്. എട്ടാം ക്ലാസിലാണ് ശ്രീലക്ഷ്മിക്ക് കലാമണ്ഡലത്തിൽ പ്രവേശനം കിട്ടിയത്. സ്കൂൾപഠനകാലത്ത് നൃത്തം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. സാഹചര്യമുണ്ടായില്ല. ഇപ്പോൾ മകളുടെ ശിക്ഷണത്തിൽ പഠിക്കാൻ അവസരമൊരുങ്ങിയപ്പോൾ സമയം കണ്ടെത്തി പഠിക്കുകയായിരുന്നെന്ന് അമ്പിളി പറഞ്ഞു.