
വിഴിഞ്ഞം: വിഴിഞ്ഞം മുല്ലൂർ ഗവ. കെ.വി. എൽ.പി.എസിലെ ഒന്നാം ക്ലാസുകാരി റിവാനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ ഉറപ്പിനെത്തുടർന്ന് എം.ജി.എം. ഗ്രൂപ്പ് വീടു നിർമിച്ചുനൽകും. കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാനാണ് മുഖ്യമന്ത്രിയെ ഇക്കാര്യമറിയിച്ചത്.
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പും സംയുക്തമായി നടത്തുന്ന വിദ്യാമൃതം പദ്ധതിയിൽപ്പെടുത്തിയാണ് രണ്ടര സെന്റ് ഭൂമിയിൽ പുതിയ വീട് നിർമിച്ചുനൽകുക. റിവാനിയുടെ തുടർവിദ്യാഭ്യാസത്തിനുള്ള സഹായവും നൽകുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.
ഞായറാഴ്ച വൈകീട്ടോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ റിവാനിയുടെ അമ്മ പ്രിയങ്കയെ ഫോണിൽ വിളിച്ച് വീട് വെച്ചുനൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് കണ്ടറിയാനും തുടർനടപടികൾ സ്വീകരിക്കാനുമായി എം. വിൻസെന്റ് എം.എൽ.എ.യെ ചുമതലപ്പെടുത്തി. ഇതുപ്രകാരം അദ്ദേഹം തിങ്കളാഴ്ച രാവിലെ റിവാനിയുടെ വീട്ടിലെത്തി വിശദാംശങ്ങൾ തേടി.
‘‘രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല. അതുകൊണ്ടു പ്രിയ മുഖ്യമന്ത്രിയങ്കിളേ... ഞങ്ങൾക്ക് പുതിയ വീട് വെച്ചുതരുമോ...അതിൽ ഞങ്ങളുറങ്ങാം...ഞാൻ വലുതാകുമ്പോൾ പൈസ തരാം’’ എന്ന് സാമൂഹികമാധ്യമത്തിലൂടെ റിവാനി അഭ്യർഥിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രി റിവാനിയുടെ അമ്മ പ്രിയങ്കയെ ഫോണിൽ വിളിച്ച് അടച്ചുറപ്പുള്ള വീടു വെച്ചുനൽകാമെന്ന് ഉറപ്പു നൽകിയത്.
റിവാനിയും സഹോദരൻ ഇവാനും ഓട്ടോറിക്ഷ ഡ്രൈവറായ റിഗിലും പ്രിയങ്കയുമാണ് ഈ വീട്ടിൽ കഴിയുന്നത്. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചുവെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് സാമൂഹികമാധ്യമത്തിലൂടെ റിവാനി മുഖ്യമന്ത്രിയുടെ സഹായം തേടിയത്.
Content Highlights: MGM Group and Care and Share Foundation to build a house for Rivani. Project executed under the Vidyamrutham initiative. CM V.D. Satheesan intervened after Rivani's viral video request. M. Vincent MLA oversees the ground-level coordination.
Published: 09 Jun 2026, 06:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented