വെളിയന്നൂര്‍: കൊറിയര്‍ കമ്പനിയുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട കാറിന്റെ താക്കോല്‍ എട്ടുമാസത്തിനുശേഷം ഹരിത കര്‍മസേന കണ്ടെത്തി ഉടമയ്ക്ക് നല്‍കി. വെളിയന്നൂര്‍ പഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളിലെ ഹരിതകര്‍മസേനാംഗങ്ങള്‍ക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ താക്കോല്‍ അടങ്ങിയ കവര്‍ ലഭിച്ചത്.

To advertise here,

കൂത്താട്ടുകുളം കോഴിപ്പള്ളി സ്വദേശി നിഖില്‍ അനില്‍ ബുക്ക് ചെയ്ത സ്‌പെയര്‍ താക്കോലാണ് കൊറിയര്‍ കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മ മൂലം വഴിയോരത്ത് നഷ്ടപ്പെട്ടത്. എന്തായാലും ഏറെ നാളത്തെ തിരച്ചിലിന് അവസാനമുണ്ടായതിന്റെ ആശ്വാസത്തിലാണ് നിഖില്‍.

സെപ്റ്റംബറില്‍ സ്വകാര്യ കൊറിയര്‍ കമ്പനി വഴി നിഖില്‍ അനിലിന് താക്കോല്‍ ലഭിക്കേണ്ടിയിരുന്നതാണ്. കൊറിയര്‍ ഉടമയ്ക്ക് നല്‍കുന്നതിന് പകരം മാലിന്യങ്ങള്‍ക്കൊപ്പം വഴിയില്‍ ഉപേക്ഷിച്ചു. താക്കോല്‍ ലഭിക്കുന്നതിന് പാലായിലെ കാര്‍ ഡീലറുടെ പക്കലും കൊറിയര്‍ ഓഫീസിലും മാസങ്ങളായി കയറിയിറങ്ങുകയാണ് നിഖില്‍.

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പുതുവേലി പാലം കവലയില്‍ സ്ഥാപിച്ച ബോട്ടില്‍ ബൂത്ത് വൃത്തിയാക്കുന്നതിന് ഇടയിലാണ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് താക്കോല്‍ അടങ്ങിയ കവര്‍ ലഭിച്ചത്.

നിയമ നടപടികള്‍ക്ക് നീങ്ങാനൊരുങ്ങുന്ന ഘട്ടത്തിലാണ് താക്കോല്‍ കണ്ടെത്തിയ വിവരം വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അറിയിക്കുന്നത്. കവറിലുള്ള വിലാസത്തില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.

ഹരിതകര്‍മസേനാംഗങ്ങളായ മനീഷ, റീന, രാഖി എന്നിവര്‍ താക്കോലടങ്ങിയ കവര്‍ പഞ്ചായത്ത് ഓഫീസില്‍ ഏല്പിച്ചു. സജേഷ് ശശി, വാര്‍ഡ് മെമ്പര്‍ ജിമ്മി ജെയിംസ്, സെക്രട്ടറി ടി. ജിജി എന്നിവരുടെ സാന്നിധ്യത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ താക്കോല്‍ ഉടമയ്ക്ക് കൈമാറി.