
ചെറുതോണി: കെ.എസ്.ആർ.ടി.സി.ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരന് പുതുജൻമം. ട്രിപ്പിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ കെ.എസ്.ആർ.ടി.സി.ജീവനക്കാർ ആശുപത്രിയിലെത്തിച്ചു.
മൂന്നാർ-കുയിലിമല ബസിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 10-ന് മുരിക്കാശേരിയിൽനിന്നും ബസിൽ കയറിയ താമഠത്തിൽ രാമൻകുട്ടിക്ക് (58) തടിയമ്പാടു കഴിഞ്ഞപ്പോഴാണ് നെഞ്ചുവേദനയുണ്ടായത്. വേദന കലശലായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന മകൻ ആദിൽ ബസ് ജീവനക്കാരെ വിവരമറിയിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് പിന്നീട് യാത്രക്കാരെ കയറ്റുകയോ, ഇറക്കുകയോ ചെയ്യാതെ മെഡിക്കൽകോളേജിലേക്ക് പോവുകയായിരുന്നു.
ഇടുക്കി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെത്തിച്ച് രാമൻകുട്ടിക്ക് ചികിത്സ നൽകി. ഉടൻ ചികിത്സ ലഭിച്ചതിനാൽ രോഗി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. പ്രധാന റോഡിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് കയറുന്ന വളവുകളിലെല്ലാം പല തവണ ബസ് പിന്നോട്ടെടുത്തശേഷമാണ് മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിലെത്തിക്കാൻ കഴിഞ്ഞത്. അവിടെയെത്തി വാഹനം തിരിക്കാനും ഏറെ ബുദ്ധിമുട്ടി.
ഹൃദ്രോഗത്തിന് ചികിത്സതേടിയിരുന്ന ആളാണ് രാമൻകുട്ടി. കണ്ടക്ടർ ചടയമംഗലം കടയ്ക്കൽ എം.അനൂപ്, ഡ്രൈവർ മൂന്നാർ സ്വദേശി പോൾ പാണ്ഡ്യൻ എന്നിവരാണ് ഒരു വർഷമായി ഈ വാഹനത്തിലെ ജീവനക്കാർ. നല്ല തിരക്കുള്ള റൂട്ടായതിനാൽ ഒരു ദിവസംപോലും മുടങ്ങാതെ ഓടുന്നുണ്ടെന്നും ജീവനക്കാർ പറഞ്ഞു. രോഗിയെ ആശുപത്രിയിലെത്തിച്ചശേഷമാണ് ചെറുതോണിയിലും, പൈനാവിലും ഇറങ്ങാനുള്ള യാത്രക്കാരെ കൊണ്ടുപോയിവിട്ടത്.
Content Highlights: KSRTC bus diverts route, rushes passenger who suffered from chest pain to hospital and saves him
Published: 08 Jan 2025, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented