
പള്ളുരുത്തി (കൊച്ചി): പൊതിച്ചോറിന്റെ രാഷ്ട്രീയമൊന്നും ജൂഡ്‌സന് അറിയില്ല. പക്ഷേ, വയറെരിഞ്ഞ് വഴിയിൽ നൂറുകണക്കിനാളുകൾ ദിവസവും ജൂഡ്‌സനെ കാത്തിരിക്കുന്നുണ്ട്. അവർക്കുവേണ്ടി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ജൂഡ്‌സൺ ചോറ് പൊതിയുകയാണ്. ’ദിവസം രണ്ടുചാക്ക് അരി വേവിക്കണം. അതിനുള്ള കറികൾ വേണം. പാചകവാതകം വേണം. പൊതിയാൻ കടലാസ് വേണം... ഇതൊക്കെ നടക്കുന്നുണ്ട്. ഇത് നടന്നില്ലെങ്കിൽ നൂറുകണക്കിന് മനുഷ്യർ പട്ടിണിയിലാകും.’ ജൂഡ്‌സൺ പറയുന്നു. 30 വർഷമായി ഒരൊറ്റ ദിവസംപോലും മുടങ്ങാതെ ഈ മനുഷ്യൻ പൊതിച്ചോറുമായി തെരുവുകളിലുണ്ട്. ആദ്യകാലത്ത് വീടുകളിൽനിന്ന് ശേഖരിച്ചാണ് വഴിയിലുള്ളവർക്ക് പൊതിച്ചോറ് എത്തിച്ചിരുന്നത്. പിന്നീട് പലയിടത്തും ഊട്ടുപുരകൾ തുടങ്ങി. സുമനസ്സുകൾ നൽകുന്ന സഹായം സ്വീകരിച്ചാണ് പാവങ്ങൾക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നത്. പിന്നീട് അതിന് സ്ഥിരം സംവിധാനമായെങ്കിലും ഇപ്പോഴും ജൂഡ്‌സൺ പൊതിച്ചോറുമായി ഓടിക്കൊണ്ടിരിക്കുകയാണ്.
ജൂഡ്‌സനെ കാത്തിരിക്കുന്നത് 1200 പേർ
ഇപ്പോൾ ദിവസം 1200 പേർക്കാണ് ജൂഡ്‌സണും കൂട്ടരും ചേർന്ന് പൊതിച്ചോറ് എത്തിക്കുന്നത്. കോവിഡ് കാലത്ത് ഇത് 2500 വരെയായി ഉയർന്നു. ആദ്യകാലത്ത് വഴിയോരത്തുകിടക്കുന്ന അശരണർക്കാണ് അദ്ദേഹം പൊതിച്ചോറ് നൽകിയിരുന്നത്. പിന്നീട് പലയിടത്തായി ഊട്ടുപുരകളുണ്ടാക്കി അവിടെ വിളമ്പി. അപ്പോഴാണറിയുന്നത്, വിശപ്പുമാറ്റാൻ വഴിയില്ലാതെ വീടിനകത്ത് കഴിയുന്നവരുമുണ്ട്. അവർക്കായി ജൂഡ്‌സൺ വീടുകളിലേക്ക് പൊതിച്ചോറ് എത്തിച്ചുതുടങ്ങി. അങ്ങനെ ദിവസം 1200 പേർക്ക് ഈ മനുഷ്യൻ ഭക്ഷണപ്പൊതി എത്തിക്കുകയാണ്.
അന്നമൊരുക്കാൻ കൂട്ടായ്മ
കാലം കടന്നതോടെ, സെഹിയോൻ പ്രേഷിതസംഘം എന്ന പേരിൽ ഒരു കൂട്ടായ്മ ജൂഡ്‌സന്റെ നേതൃത്വത്തിലുണ്ടായി. അതൊരു ട്രസ്റ്റായി മാറി. ഇടക്കൊച്ചിയിൽ ഒരു വാടകക്കെട്ടിടത്തിൽ നല്ലൊരു അടുക്കളയൊരുക്കി. വലിയ പാത്രങ്ങൾ സംഘടിപ്പിച്ചു. അതോടെ സന്നദ്ധപ്രവർത്തനത്തിന് കുറച്ചുപേരെത്തി. ഇപ്പോൾ ചോറുപൊതിയാൻ മാത്രം 17 പേരുണ്ട്. എല്ലാവരും സന്നദ്ധസേവകർ. പുലർച്ചെ രണ്ടിന് ജൂഡ്‌സൺ ഇടക്കൊച്ചിയിലെ ഈ അടുക്കളയിലെത്തും. രണ്ടുതവണയായി രണ്ടുചാക്ക് അരി വേവിക്കും. ഒപ്പം പച്ചക്കറികൾകൊണ്ട് കറികൾ തയ്യാറാക്കും. എല്ലാ പൊതിയിലും രണ്ടുതരം കറികൾ നിർബന്ധം. രാവിലെ എട്ടുമണിയോടെ പൊതികൾ തയ്യാറാകും. എട്ടരയ്ക്ക് ആദ്യഘട്ട യാത്ര തുടങ്ങും. ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമാണ് പൊതികൾ എത്തിക്കുന്നത്.
എല്ലാം ദൈവനിശ്ചയം
ദിവസം ആയിരത്തിൽപ്പരം പേർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ജൂഡ്‌സനോട് പലരും ചോദിക്കും -എങ്ങനെയാണിത് സാധിക്കുന്നത്. ‘എല്ലാം ദൈവനിശ്ചയം’ എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. ‘ചിലപ്പോൾ രാത്രി എട്ടു കഴിഞ്ഞാലും പിറ്റേന്ന് ചോറിനൊപ്പം വിളമ്പാൻ കറിക്ക് ഒന്നും കിട്ടിയിട്ടുണ്ടാവില്ല. കടലയാണെങ്കിലും കുറഞ്ഞത് 50 കിലോ വേണം. വിഷമിച്ചിരിക്കുമ്പോൾ ഏതെങ്കിലും വഴി തെളിഞ്ഞുവരും. രാത്രി 11 മണി വരെ ഇങ്ങനെ ആശങ്കയോടെ ഇരുന്നിട്ടുണ്ട്. പക്ഷേ, പിറ്റേന്ന് സാധനങ്ങളെത്തും. അതൊരു അദ്‌ഭുതമാണ്. എങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്ക് നിശ്ചയമില്ല. പക്ഷേ, പൊതിച്ചോറ് മുടങ്ങില്ല. ’ജൂഡ്‌സന്റെ മുഖത്ത് ചെറിയ ചിരി. ഇതുവരെ ജൂഡ്‌സൺ പകർന്നുനൽകിയതെല്ലാം മറ്റുള്ളവർ സംഭാവനയായി നൽകിയതാണ്. ഈ നാടിനൊരു മനഃസാക്ഷിയുണ്ട്. മറ്റുള്ളവരുടെ വേദന കാണാനുള്ള മനസ്സുണ്ട്. അതുകൊണ്ടാണ് ഈ പരിപാടി മുന്നോട്ടുപോകുന്നത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് ജൂഡ്‌സൺ. നാടിനെ ഊട്ടാനിറങ്ങുന്നതിനാൽ ഇപ്പോൾ പണിക്കുപോകാൻ കഴിയുന്നില്ല. മകൻ ടോം രഞ്ജിത്തും ഭാര്യ ജെയ്‌സിയുമൊക്കെ ഇപ്പോൾ ജൂഡ്‌സന്റെ സഹായികളായുണ്ട്. ഓട്ടോറിക്ഷ ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. പ്രാരബ്ധങ്ങളുടെ നടുവിലാണ് ഈ അറുപതുകാരൻ. ’പക്ഷേ, ഈ പണി ഞാൻ ചെയ്തില്ലെങ്കിൽ മറ്റാര് ചെയ്യും’. അതാണ് ജൂഡ്‌സന്റെ പ്രശ്നം.
കടങ്ങളുമായി മുന്നോട്ട്
അന്നം ഒരുദിവസം പോലും മുടങ്ങുന്നില്ല. പക്ഷേ, കടങ്ങൾ മാറുന്നില്ല. ഇപ്പോൾ കെട്ടിടവാടകതന്നെ നല്ല തുക കൊടുക്കണം. പലപ്പോഴും ഇത് കടമാകും. അടുത്തിടെ പൊതിച്ചോറ് വിതരണത്തിന് ഒരു സ്ഥാപനം ഇലക്‌ട്രിക് ഓട്ടോറിക്ഷ സംഭാവനയായി നൽകി. അതൊരു ആശ്വാസമായി. എന്നാൽ സ്കൂട്ടറുകൾ ഓടിക്കാൻ ഇന്ധനച്ചെലവുണ്ട്. പാചകവാതകത്തിന് വിലകൂടിയപ്പോൾ വിറക് ഉപയോഗിച്ചാണ് പാചകം. കോവിഡ് കാലത്തുൾപ്പെടെ പലയിടത്തുനിന്നും കടംവാങ്ങിയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. സ്വന്തമായി സ്ഥലംകിട്ടിയാൽ അടുക്കള നിർമിക്കാം. പ്രേഷിതസംഘം മാനേജിങ് ട്രസ്റ്റി ഡോ. അരുൺ ഉമ്മൻ വലിയ സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും ജൂഡ്‌സൺ പറയുന്നു. പൊതിച്ചോറ് നൽകി വിദ്യാർഥികളും ജൂഡ്‌സനുമായി സഹകരിക്കുന്നുണ്ട്.
Content Highlights: Judson has provided daily meals to the needy for over 30 years., Currently feeding 1,200 people daily through the Sehion Missionary Group., Operations rely entirely on public donations and volunteer efforts., A dedicated kitchen in Edakochi produces meals daily starting at 2 AM., Judson prioritizes the hunger of others over his personal financial stability.
Published: 22 Jul 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented