വെള്ളിയാമറ്റം (ഇടുക്കി): തീറ്റയായിക്കൊടുത്ത കപ്പത്തൊലിയിൽനിന്ന്‌ വിഷബാധയേറ്റ് 13 പശുക്കൾ ചത്ത കുട്ടിക്കർഷകന് കരുതലായി നാടൊരുമിച്ചു. മന്ത്രിമാർ, നേതാക്കൾ, സിനിമാതാരങ്ങൾ, വ്യവസായികൾ എന്നിങ്ങനെ ഒട്ടേറെപ്പേർ കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിക്ക് (15) സഹായവുമായെത്തി.

To advertise here,

ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവർ മാത്യുവിന്റെ വീട്ടിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇൻഷുറൻസ് പരിരക്ഷയുള്ള ഏറ്റവും മികച്ച അഞ്ചുപശുക്കളെ സൗജന്യമായി മാത്യുവിന് നൽകുമെന്ന് ചിഞ്ചുറാണി പ്രഖ്യാപിച്ചു. പശുക്കൾ ചത്തതിനെ ദുരന്തമായിക്കണ്ട് പ്രശ്നം മന്ത്രിസഭയിൽ അവതരിപ്പിക്കും. കൂടുതൽ സഹായം നൽകാൻ ശ്രമിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു. മിൽമ 45,000 രൂപ മാത്യുവിന് തിങ്കളാഴ്ച കൈമാറിയിരുന്നു. ഒരു മാസത്തേക്കുള്ള കാലിത്തീറ്റകൂടി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചയോടെ സിനിമാനടൻ ജയറാമും വീട്ടിലെത്തി. പുതിയ പശുക്കളെ വാങ്ങാൻ അഞ്ചുലക്ഷത്തിെന്റ ചെക്കും കൈമാറി. പുതിയ സിനിമയുടെ പ്രചാരണത്തിനായി ചെലവഴിക്കാൻ വെച്ചിരുന്ന തുകയാണ് ജയറാം നൽകിയത്. പൃഥ്വിരാജ് രണ്ടുലക്ഷം നൽകി. മമ്മൂട്ടി ഒരുലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് എം.എൽ.എ. ഗിർ ഇനത്തിൽപ്പെട്ട പശുവിനെ സമ്മാനിച്ചു. മകൻ അപു ജോൺ ജോസഫായിയാണ് പശുവിനെ വീട്ടിലെത്തിച്ചത്. ഡീൻ കുര്യാക്കോസ് എം.പി. 20000 രൂപയുടെ ചെക്ക് കൈമാറി.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അഞ്ചുലക്ഷം രൂപയുടെ സഹായം നൽകി. ഫെഡറൽ ബാങ്കും സഹായം വാഗ്ദാനംചെയ്തിട്ടുണ്ട്. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിബിൻ ബേബി അഞ്ചുപശുക്കളെ വാങ്ങിനൽകുമെന്ന് അറിയിച്ചു. കേരള കർഷകസംഘം മൂലമറ്റം ഏരിയാകമ്മിറ്റിയും ഇടുക്കി ജില്ലാകമ്മിറ്റിയും ഒരു പശുവിനെവീതം വാങ്ങിനൽകുമെന്ന് സംസ്ഥാനപ്രസിഡന്റ്‌ എം. വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അറിയിച്ചു.

സന്തോഷാശ്രു പൊഴിച്ച് കുട്ടിക്കർഷകൻ

ചത്തുപോയ പശുക്കൾക്കുപകരം എത്തുന്ന ഓരോ പശുവിനെയും പൊന്നുപോലെ നോക്കുമെന്ന് കുട്ടിക്കർഷകൻ മാത്യു ബെന്നി പറഞ്ഞു. ഇനിമുതൽ ഫാം കൂടുതൽ ലാഭകരമാക്കാനും നല്ലരീതിയിൽ പശുക്കളെ വളർത്താനും മൃഗസംരക്ഷണവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുമെന്നും മാത്യു പറഞ്ഞു.

എല്ലാ ക്ഷീരകർഷകർക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ പദ്ധതി ഉടൻ -മന്ത്രി ചിഞ്ചുറാണി

വെള്ളിയാമറ്റം (ഇടുക്കി): ക്ഷീരകർഷകർക്കും അവരുടെ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്രസഹായത്തോടെ സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നിലവിൽ വകുപ്പിന്റെകീഴിൽ ‘ക്ഷീരസാന്ത്വനം’ എന്നപേരിൽ ഇൻഷുറൻസ് പദ്ധതിയുണ്ട്. എന്നാൽ, മിൽമയുടെ കീഴിലെ ക്ഷീരസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്കാണിത് പ്രയോജനപ്പെടുന്നത്.

ഈ പോരായ്മ നികത്താനാണ് പുതിയ പദ്ധതി. കേന്ദ്രസർക്കാർ 60 കോടി അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ 60 ശതമാനം വിഹിതം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

കാലിത്തീറ്റയിലെ മായം കണ്ടെത്താൻ പരിശോധന കർശനമാക്കിയിട്ടുണ്ട്. മായംകലർന്ന കാലിത്തീറ്റ കഴിച്ച് പശുക്കൾ ചത്താൽ കുറ്റക്കാരായ ഉത്പാദകരെ ശിക്ഷിക്കാനുള്ള നിയമം നിയമസഭ പാസാക്കി ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്. ഗവർണർ ഒപ്പിട്ടാൽ നിയമം പ്രാബല്യത്തിൽവരുമെന്നും മന്ത്രി പറഞ്ഞു.

ഇത് അന്ന് ഞാൻ അനുഭവിച്ച വേദന -ജയറാം

വെള്ളിയാമറ്റം(ഇടുക്കി) : ‘‘‘‘ആറുവർഷംമുമ്പ് ഇതേ ദുഃഖം ഞാൻ അനുഭവിച്ചതാണ്. മലയാറ്റൂർ തോട്ടുവയിലുള്ള തന്റെ ഫാമിലെ 22 പശുക്കൾ ഒറ്റദിവസം ചത്തു. അവയെ മണ്ണുമാന്തിയന്ത്രംകൊണ്ട് കുഴിച്ചുമൂടിയ സമയത്താണ് ഞാനും ഭാര്യയും ഏറ്റവുംകൂടുതൽ കരഞ്ഞത്. അതേ വിഷമമാണ് മാത്യുവും കുടുംബവും അനഭവിക്കുന്നത്. അത് തിരിച്ചറിഞ്ഞാണ് ഞാൻ ഇവിടെ എത്തിയത്’’ -വികാരഭരിതനായി നടൻ ജയറാം പറഞ്ഞു. മാത്യുവിനെ നെഞ്ചോടുചേർത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു.

‘‘ഞാൻ ഫാമിൽ ഉണ്ടായിരുന്ന ഒരുദിവസമാണ് അത് സംഭവിച്ചത്. പെട്ടെന്നൊരു പശു വയറുവീർത്ത് നിലത്തുവീണ് ചത്തു. മേഞ്ഞുനടന്ന ഓരോരോ പശുക്കളായി ചാകാൻ തുടങ്ങി. പുല്ലിൽനിന്നോ ഇലയിൽനിന്നോ കിട്ടിയ വിഷാംശമാണ് കാരണമെന്നു പറയുന്നു. പക്ഷേ, ഫാമിൽ വിഷമടിച്ച് ഒരു പുല്ലും വളർത്തിയിട്ടില്ല.

പശുക്കളുടെ രക്തം പരിശോധിച്ചെങ്കിലും വിഷാംശം എന്നാണ് കണ്ടെത്തിയത്. എങ്ങനെ വിഷാംശം വന്നുവെന്ന് കണ്ടെത്താനായില്ല. ഫാമിലെ ഓരോ പശുവിനെയും ഞാനും ഭാര്യയും മക്കളും നേരിട്ട് പോയി കണ്ടാണ് തിരഞ്ഞെടുത്തിരുന്നത്. പേരിട്ടത് മക്കളാണ്. അവ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന വലുതാണ്’’ -ജയറാം പറഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് നല്ലയിനം പശുക്കളെ വാങ്ങാനുള്ള സൗകര്യം ഒരുക്കാമെന്നും ജയറാം വാഗ്ദാനം ചെയ്തു.