ഏറ്റുമാനൂർ: ചോർന്നൊലിക്കുന്ന വീട്ടിൽ വിധവയായ ഒരു അമ്മയും അവിവാഹിതരായ രണ്ട് പെൺമക്കളും അവർ വളർത്തുന്ന ആടുകളും. അതിജീവനത്തിനായാണ് വർഷങ്ങളായുള്ള ഇവരുടെ ആടുജീവിതം. ഇവർക്ക് സഹായഹസ്തവുമായി പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് എത്തി. പേരൂർ ചെറുവാണ്ടൂർ ചാമക്കാലയിൽ ഭവാനി(91)യുടെയും മക്കളായ സരസമ്മ (73), ഉഷ (56) എന്നിവരുടെയും ദുരിതജീവിതം നാട്ടുകാരനായ ജഗദീഷ് സ്വാമിയാശാനാണ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

To advertise here,

ഇവരെ ആശ്വസിപ്പിച്ച അദ്ദേഹം ഒരുലക്ഷം രൂപയുടെ ചെക്ക് നൽകി. മൂന്നുപേർക്കും പ്രതിമാസം 2500 രൂപ വീതം ഒരുവർഷത്തേക്ക് നൽകുകയും ചെയ്യും. 10,000 രൂപ ആടിനെ വാങ്ങാനും കൊടുക്കും. ഏത് ആവശ്യത്തിനും തന്നെ ഫോണിൽ ബന്ധപ്പെടാമെന്നും ആനന്ദബോസ് ഇവരെ അറിയിച്ചു. ഈ അമ്മയുടെയും മക്കളുടെയും വിവരം അറിഞ്ഞതോടെ സഹായത്തിന് സന്നദ്ധമാണെന്ന് ഗവർണർ പൊതുപ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു സന്ദർശനം.

13 സെന്റിലെ ചുറ്റുമതിലില്ലാത്ത വീടിന്റെ പരിസരത്താണ് ആടുവളർത്തൽ. കറവയുള്ളവ കുറവാണ്. പാൽ വിറ്റുകിട്ടുന്ന ചെറിയ വരുമാനത്തിലാണ് മൂന്നാളുകളുടെയും ജീവിതം. ഭവാനിക്ക് മരുന്നുവാങ്ങുന്നതിന് പ്രതിദിനം 300 രൂപയോളം വേണം. മൂത്ത മകൾ സരസമ്മ സമീപത്തെ പാടത്തുനിന്നും പുല്ലു ചെത്തിക്കൊണ്ടുവരും. അയൽപക്കത്തുനിന്ന് പ്ലാവിലയും കഞ്ഞിവെള്ളവും ശേഖരിക്കും. സഹോദരി ഉഷയാണ് ആടുകളെ പരിപാലിക്കുന്നത്. വീടിന്റെ തകർന്ന മേൽക്കൂര മാറ്റാൻ നഗരസഭയിൽ ഇവർ അപേക്ഷ നൽകിയിരുന്നു. പക്ഷേ, നടപടികൾ ആയിട്ടില്ല.