മഞ്ചേരി: മാവിന്‍കൊമ്പ് കുലുക്കിയപ്പോള്‍ മുന്നിലേയ്ക്കുവീണ കാക്കക്കൂട്ടില്‍നിന്ന് കിട്ടിയ സ്വര്‍ണത്തിനുമുന്നിലും തങ്കമനസ്സിന്റെ പത്തരമാറ്റുറപ്പിച്ചുനിന്ന പിതാവിനും മകള്‍ക്കും നല്ലവാക്കുകളുമായി ഒട്ടേറെപ്പേര്‍. മാതൃഭൂമി ചൊവ്വാഴ്ച ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച 'കാത്തിരിപ്പിനൊടുവില്‍ കൈയിലെത്തി, കാക്ക കൊത്തിപ്പോയ സ്വര്‍ണവള' എന്ന വാര്‍ത്ത കണ്ടും വായിച്ചും കേട്ടുമറിഞ്ഞ ഒട്ടേറെപ്പേരാണ് നല്ലവാക്കുകള്‍ ഉയര്‍ത്തിയത്. ഒട്ടേറെപ്പേര്‍ തെങ്ങുകയറ്റത്തൊഴിലാളിയായ അന്‍വറിനെയും വള ഉടമയ്ക്ക് കൈമാറാന്‍ വഴിയൊരുക്കിയ വായനശാലാ പ്രവര്‍ത്തകരേയും വിളിച്ചു.
പ്രാരാബ്ധങ്ങളുടെ നടുവിലും സത്യത്തിന്റെ പത്തരമാറ്റ് കാത്ത തെങ്ങുകയറ്റത്തൊഴിലാളി ചെറുപള്ളിക്കല്‍ അന്‍വര്‍സാദത്തും കാരക്കുന്ന് ജിഎച്ച്എസില്‍ എട്ടാംക്ലാസ് വിദാര്‍ഥിയായ മകള്‍ ഫാത്തിമ ഹുദയും താരങ്ങളുമായി. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും അന്‍വറിനെയൊന്നു കണ്ടുകിട്ടാന്‍ പൊതുജനവായനശാലയില്‍ ചൊവ്വാഴ്ച ഓടിയെത്തി.
അന്‍വര്‍സാദത്ത് ആകട്ടെ താന്‍ ആനക്കാര്യമൊന്നും ചെയ്തില്ലെന്ന മട്ടില്‍, പതിവുപോലെ തെങ്ങുകയറ്റജോലിക്ക് പുറപ്പെട്ടിരുന്നു. പലരും വിളിച്ചപ്പോള്‍ 11 മണിയോടെ പണി നിര്‍ത്തി വായനശാലയിലെത്തി. 'ഞാന്‍ അസാധാരണമായി ഒന്നും ചെയ്തില്ല. എന്റെ കൈയിലെത്തിയ സ്വര്‍ണം അതിന്റെ ഉടമയ്ക്ക് തിരിച്ചുകിട്ടണം. അതിനാണ് വായനശാലയിലെ ബാബുരാജേട്ടനെ ഏല്‍പ്പിച്ചത്' -അന്‍വര്‍സാദത്ത് പറഞ്ഞു.
പൂക്കോട്ടുംപാടം പൊട്ടിക്കല്ല് സ്വദേശി ഹരിതയുടേതാണ് വള. വിവാഹനിശ്ചയത്തിന് ഭര്‍ത്തൃപിതാവ് സുരേഷ് വാങ്ങിക്കൊടുത്തതാണ്. 2019 ഫെബ്രുവരി 11-നാണ് സുരേഷ്-രുക്മിണി ദമ്പതിമാരുടെ മകന്‍ ശരത്തിന്റെയും പൂക്കോട്ടുംപാടം പൊട്ടിക്കല്ല് സ്വദേശി ഹരിതയുടെയും വിവാഹനിശ്ചയം നടന്നത്. വൈകാരികസ്പര്‍ശമുള്ള സ്വര്‍ണം നഷ്ടമായത് 2022 ഫെബ്രുവരിയിലാണ്. തൃക്കലങ്ങോട് 32-ലെ വീട്ടുമുറ്റത്തുനിന്ന് കാക്ക കൊത്തിയെടുക്കുകയായിരുന്നു. ഹരിതയും അമ്മയും അയല്‍ക്കാരുമൊെക്ക കല്ലെടുത്തെറിഞ്ഞും ശബ്ദമുണ്ടാക്കിയും കാക്കയുടെ പിന്നാലെ ഓടിയെങ്കിലും നിരാശയായിരുന്നു ഫലം. വീട്ടിനടുത്തുള്ള മരങ്ങളിലൊക്കെ പലരെയും കയറ്റി പരിശോധിച്ചിട്ടും കിട്ടിയില്ല.
ഇക്കഴിഞ്ഞ മേയില്‍ അന്‍വര്‍ സമീപത്തെ ഉണ്ണിയുടെ തെങ്ങിന്‍വളപ്പില്‍ തേങ്ങയിടാനെത്തിയിരുന്നു. സ്ഥലമുടമയുടെ അനുവാദപ്രകാരം അന്ന് വൈകീട്ട് വളപ്പിലെ മാവില്‍നിന്ന് മാങ്ങ പറിക്കാന്‍ മകള്‍ ഫാത്തിമ ഹുദയെയും കൂട്ടി എത്തി. വള നഷ്ടപ്പെട്ട വീടിന്റെ 50 മീറ്റര്‍ മാത്രം അകലെയുള്ള മാവില്‍ കയറി കൊമ്പ് കുലുക്കുന്നതിനിടെ കാക്കയുടെ കൂടും താഴെവീണു. മാമ്പഴം ശേഖരിക്കുകയായിരുന്ന ഹുദയാണ് നിലത്ത് ചിതറിയ കൂടിന്റെ കമ്പുകള്‍ക്കിടയില്‍ തിളങ്ങുന്ന വള കണ്ടത്. സ്വര്‍ണമാണെന്നുറപ്പിച്ച അന്‍വര്‍ ഉടമസ്ഥരെ കണ്ടെത്തി കൊടുക്കാനായി വായനശാലയില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സ്വര്‍ണം കിട്ടിയിട്ടുണ്ടെന്ന പരസ്യം വായനശാലയിലെ നോട്ടീസ് ബോര്‍ഡിലിട്ടു. രണ്ടുമാസം ആരും അന്വേഷിച്ചെത്തിയില്ല. കഴിഞ്ഞയാഴ്ച സുരേഷിന്റെ അയല്‍ക്കാരന്‍ ഷിബു വായനശാലയിലെത്തിയപ്പോഴാണ് നോട്ടീസ് വായിച്ചത്. വിവരമറിയിച്ചതനുസരിച്ച് വായനശാലയെ സമീപിച്ചു. വാങ്ങിയ ജൂവലറിയിലെ ബില്ലും വിവാഹ ആല്‍ബവും ഉള്‍പ്പെടെ എല്ലാ തെളിവുകളും ഒത്തുനോക്കി ബോധ്യപ്പെട്ടപ്പോള്‍ ഹരിതയ്ക്കും രുക്മിണിക്കും വള കാണിച്ചുകൊടുത്തു.ഒടുവില്‍ എല്ലാത്തിനും ശുഭപര്യവസാനം. സ്വര്‍ണവള ചേരേണ്ട കൈകളിലെത്തിയപ്പോള്‍ ഫാത്തിമ ഹുദയുടെ കണ്ണുകളിലും തങ്കത്തിളക്കം.
'അന്‍വര്‍ സത്യവാനായതുകൊണ്ടാണ് ഞങ്ങളുടെ മുതല്‍ കിട്ടിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഇത്തരം മനസ്സുള്ളവര്‍ നാട്ടില്‍ കുറവാണ്' -ആനന്ദാശ്രുക്കളോടെ അന്‍വറിനെ ചേര്‍ത്തുപിടിച്ചു സുരേഷ്.
Content Highlights: A heartwarming story of honesty and integrity. A man finds a lost gold bangle in a crow`s nest
Published: 16 Jul 2025, 08:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented