
തിരുവനന്തപുരം: ഇടമലക്കുടിയിലെ കിളികളുടെ പാട്ടും ചിലമ്പലുമൊക്കെ ഇനി അഭിരാമിക്കു കേള്‍ക്കാം. ആകാശത്തിനു മീതെ പറന്നകലുന്ന വിമാനങ്ങള്‍ ഇതുവരെ അവള്‍ക്കൊരു കാഴ്ച മാത്രമായിരുന്നു. എല്ലാം കേള്‍ക്കാമെന്ന സന്തോഷത്തില്‍ അച്ഛനോടൊപ്പം വിമാനവും കണ്ടാണ് ഊരിലേക്കുള്ള മടക്കം. തിരുവനന്തപുരത്തെത്തി കടല്‍ കണ്ട കഥയും അവളിനി കൂട്ടുകാരോടു പറയും. പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ കോക്ലിയര്‍ ഇംപ്ലാന്റ് നടത്തി കേള്‍വിശേഷി നേടിയ ഈ പെണ്‍കുട്ടി ബുധനാഴ്ച പുതുജീവിതത്തിലേക്കു പ്രവേശിച്ചു. പ്രാര്‍ഥനകളെല്ലാം സഫലമാക്കി, സ്വന്തം പ്രാണന്‍ തിരിച്ചുകിട്ടിയ സന്തോഷം പങ്കിടാന്‍ മകളെയുംകൂട്ടി അച്ഛന്‍ ശിവന്‍ മന്ത്രി കെ.രാധാകൃഷ്ണനെ കണ്ടു നന്ദി പറഞ്ഞു.
''അന്നു കരഞ്ഞെങ്കിലും ഇപ്പോള്‍ സന്തോഷമായില്ലേ? ഇനി ചിരിച്ചോ'' അഭിരാമിയെ ചേര്‍ത്തുപിടിച്ച് മന്ത്രി പറഞ്ഞു. ഊരില്‍നിന്നു നഗരത്തിലെത്തിയ അമ്പരപ്പുണ്ടെങ്കിലും അവള്‍ പുഞ്ചിരിച്ചു. തുടര്‍ന്ന്, ചുറ്റും കൂടിനിന്നവരോടു മന്ത്രി അഭിരാമിയെ കണ്ടെത്തിയതിന്റെ കഥ പറഞ്ഞു. ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയായ ഇടമലക്കുടിയിലേക്കുള്ള ഒരു റോഡ് ഉദ്ഘാടനത്തിനായി മേയ് 29-ന് സൊസൈറ്റിക്കുടിയിലെത്തിയതായിരുന്നു. അവിടെ മറ്റു കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്തും പ്രാര്‍ഥന ചൊല്ലിയും ചുറുചുറുക്കോടെയുള്ള കുട്ടിയെ കണ്ടു. കുശലം ചോദിച്ചപ്പോള്‍ അവളൊന്നും മിണ്ടുന്നില്ല. ജന്മനാബധിരയാണെന്നു കൂടെയുള്ള ഒരാള്‍ പറഞ്ഞുതന്നു. സാരമില്ല, എല്ലാം മാറി മോള്‍ക്കു സംസാരിക്കാനാവുമെന്ന് ആശ്വസിപ്പിച്ചു. ചുണ്ടനക്കത്തിലൂടെ കാര്യം മനസ്സിലാക്കിയ അഭിരാമി അപ്പോള്‍ കരഞ്ഞു. അഭിരാമിയുടെ സങ്കടം ഉള്ളിലേറ്റി, അവളുടെ ചികിത്സയ്ക്ക് ദുരിതാശ്വാസനിധിയില്‍നിന്നു പ്രത്യേകം തുകയനുവദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നിഷിലുമായിരുന്നു ചികിത്സ. അഭിരാമിയുടെ അച്ഛന്‍ ശിവനും അമ്മ മുത്തുമാരിക്കും തിരുവനന്തപുരത്തു വരാനും താമസിക്കാനുമൊക്കെയുള്ള ചെലവും വഹിച്ചു.
പല ഘട്ടങ്ങളിലായുള്ള ചികിത്സ ബുധനാഴ്ച രാവിലെ പൂര്‍ത്തിയായി. അച്ഛന്‍ അവളെക്കൂട്ടി കാണാനെത്തിയപ്പോള്‍ കുഞ്ഞുടുപ്പും ചോക്ലേറ്റും സമ്മാനിച്ച് മന്ത്രി അഭിരാമിയെ സ്വീകരിച്ചു. അവള്‍ക്കുള്ള 'ശ്രവണസഹായ കിറ്റ്' അച്ഛനെ ഏല്‍പ്പിച്ചു. സ്പീച്ച് തെറാപ്പി ഉള്‍പ്പെടെയുള്ള തുടര്‍സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മകളുടെ ജീവിതം തിരിച്ചുകിട്ടിയപോലെ തോന്നുന്നുവെന്ന് ശിവന്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
ഇപ്പോള്‍ സൊസൈറ്റിക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അഞ്ചാം ക്ലാസിലാണ് അഭിരാമി. മന്ത്രിയെക്കണ്ടശേഷം, കടലും വിമാനവും കാണാനുള്ള അഭിരാമിയുടെ മോഹം പട്ടികവര്‍ഗ വികസന ഉദ്യോഗസ്ഥരായ എസ്.എ.നജീമും സുദീപ്കുമാറും ചേര്‍ന്ന് സാധിച്ചുകൊടുത്തു.
Content Highlights: Abhirami will hear-Idamalakudi-Cochlear Implant
Published: 27 Oct 2023, 07:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented