
തഫസ്സുൽ ഹുസൈന് സഹായം വാഗ്ദാനംചെയ്ത് നജീബ് കാന്തപുരം എംഎൽഎ വീട്ടിലെത്തിയപ്പോൾ
പെരിന്തൽമണ്ണ: കുടുംബത്തെപ്പോറ്റാൻ ചായപ്പാത്രവുമായി റോഡരികിലെത്തിയ 13-കാരനെ കേരളം കണ്ണീരോടെയാണ് കണ്ടത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് റോഡരികിലെത്തിയെങ്കിലും രാത്രി ഒൻപതുവരെ അലഞ്ഞിട്ടും അഞ്ചുചായമാത്രമാണ് വിൽക്കാനായതെന്ന അവന്റെ ദൈന്യവും നാം കണ്ടു. സാമൂഹികമാധ്യമത്തിൽ പ്രചരിച്ച ആ വീഡിയോ വെറുതെയായില്ല. തഫസ്സുൽ ഹുസൈന് ഇനി ധൈര്യമായി സ്കൂളിൽപ്പോകാം. അസം സ്വദേശിയായ അവന് തുണയായി ഈ നാടുണ്ടാകും.
വാഹനാപടകത്തിൽ പിതാവ് മരിച്ചതിന് പിന്നാലെ മാതാവ് രോഗികൂടിയായതോടെ തഫസ്സുൽ ഹുസൈന് ഈ അന്യനാട്ടിൽ കുടുംബത്തെപ്പോറ്റാൻ തെരുവിലിറങ്ങേണ്ടിവന്നു. പെരിന്തൽമണ്ണ ബൈപ്പാസിൽ ചായപ്പാത്രവുമായി അലയുന്ന തഫസ്സുലിനെ ഒരു വ്ളോഗർ കണ്ടുമുട്ടിയതോടെയാണ് അവന്റെ കഥ നാടറിയുന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം ചായപ്പാത്രവുമായി തെരുവിലെത്തുകയായിരുന്നു തഫസ്സുൽ ചെയ്തുകൊണ്ടിരുന്നത്. വീഡിയോയിൽ കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഉണ്ടായിരുന്നില്ല. അതാരെന്നറിയാൽ നാടൊന്നാകെ തിരഞ്ഞിറങ്ങി. അങ്ങനെയവർ തഫസ്സുലിനെ കണ്ടെത്തി.
ജൂലായിലാണ് മഞ്ചേരിയിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് തഫസ്സുലും കുടുംബവുമെത്തുന്നത്. കഴിഞ്ഞവർഷമുണ്ടായ വാഹനാപകടത്തിൽ അവന് പിതാവിനെ നഷ്ടമായി. ഇതോടെ മാതാവ് മാനസികമായി തകർന്നു. അങ്ങനെയാണ് വീട്ടാവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ചായയും പലഹാരവുമായി തഫസ്സുൽ പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലേക്കിറങ്ങിയത്. മലയാളം മീഡിയം സ്കൂളിൽ പഠിക്കുന്ന തഫസ്സുൽ നന്നായി മലയാളം സംസാരിക്കും.
കുട്ടിയെ കണ്ടെത്തിയതോടെ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരവും നഗരസഭാധികൃതരും ആശ്വാസവുമായി രംഗത്തെത്തി. കുട്ടിയുടെ വീട്ടിലെത്തിയ നജീബ് കാന്തപുരം, അവന്റെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നല്ലൊരു താമസസൗകര്യം കണ്ടെത്തി നൽകാമെന്നും അദ്ദേഹം ഉറപ്പുനൽകി. തഫസ്സുലിനെയും കുടുംബത്തെയും ഏറ്റെടുക്കാൻ സജ്ജമാണെന്ന് നഗരസഭാ ചെയർമാൻ പി. ഷാജിയും അറിയിച്ചു. ഹുസൈന്റെ പഠനവും കുടുംബത്തിന് ആവശ്യമായ ഭക്ഷ്യകിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളും മാതാവിന്റെ ചികിത്സയും നഗരസഭ ഏറ്റെടുക്കുമെന്ന് ചെയർമാൻ പറഞ്ഞു.
Content Highlights: A heartwarming story of a 13-year-old boy forced to sell tea to support his family in Perinthalmanna, Kerala. A viral video led to a community outpouring of support.
Published: 28 Oct 2025, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented