വെല്ലൂർ: ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം അതിന്റെ നിർമാതാവായി സ്വയം മാറണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. വെല്ലൂർ വിഐടി സർവകലാശാലയുടെ 41 -ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. വിഐടി ചാൻസലർ ജി. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റുകൾ രേഖ ഗുപ്ത വിതരണം ചെയ്തു.
സർക്കാരും ബിരുദധാരികളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിലെ പല പ്രധാന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് രേഖ ഗുപ്ത പറഞ്ഞു. ഐഐടി സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടുകൊണ്ട് മലിനീകരണം, ഗതാഗതക്കുരുക്ക്, മാലിന്യ സംസ്‌കരണം തുടങ്ങിയ വെല്ലുവിളികൾക്ക് നഗരം പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് ഡൽഹിയുടെ അനുഭവം ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ വ്യക്തമാക്കി. തൊഴിൽമേഖലയിലേക്ക് പ്രവേശിക്കുന്ന ബിരുദധാരികൾ സമാനമായ പങ്കുവഹിക്കണമെന്നും, സ്വന്തം നഗരങ്ങളുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനും രാജ്യത്തിന്റെ നവീകരണത്തിനും സംഭാവന നൽകണമെന്നും അവർ അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 'ഇന്ത്യ എഐ മിഷനി'ലൂടെ സെമികണ്ടക്ടറുകൾ, കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധം, ബഹിരാകാശം, ഡ്രോണുകൾ, റോബോട്ടിക്‌സ്, ബയോടെക്‌നോളജി എന്നിവയിൽ നടത്തുന്ന വൻ നിക്ഷേപങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് 'നിങ്ങൾ കൃത്രിമബുദ്ധിയുടെ ഉപയോക്താക്കൾ മാത്രമായിരിക്കരുത് - ഭാരതത്തിന്റെ സ്വന്തം എഐ നിർമിക്കുക,' എന്ന് അവർ പറഞ്ഞു. ഇന്ത്യ എഐ സാങ്കേതികവിദ്യ ഉപഭോഗം ചെയ്യുന്നതിൽ നിന്ന് അത് ഉത്പാദിപ്പിക്കുന്നതിലേക്ക് മാറുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ അവർ, ഈയൊരു മാറ്റമാണ് ബിരുദധാരികൾക്ക് തങ്ങളുടെ സംസ്ഥാനത്തിനും രാജ്യത്തിനും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നെന്ന് വിശേഷിപ്പിച്ചു.
സ്ഥൈര്യത്തെക്കുറിച്ചു സംസാരിച്ച അവർ, പരാജയത്തെയോ അതുമൂലമുള്ള സമ്മർദത്തയോ ഭയപ്പെടരുതെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളിൽ നിന്ന് പിന്തിരിഞ്ഞോടാതെ അതിന്റെ കാരണങ്ങൾ കണ്ടെത്തുകയും മനസിലാക്കുകയും നിശ്ചയദാർഢ്യത്തോടെ പരിഹരിക്കാൻ ശ്രമിക്കുകയും വേണം. ഒരു രാജ്യത്തിന്റെ ഉൽപ്പന്നങ്ങളും സ്വത്തുക്കളും അതിന്റെ വളർച്ചയെ നയിക്കുമ്പോൾ, ബിരുദധാരികൾ പ്രതിനിധീകരിക്കുന്ന ബൗദ്ധിക മൂലധനമാണ് അതിന്റെ ഏറ്റവും മൂല്യവത്തായ വിഭവം. 'മേക്ക് ഇൻ ഇന്ത്യ', 'ഇൻവെസ്റ്റ് ഇൻ ഇന്ത്യ', 'ഡിസൈൻ ഇൻ ഇന്ത്യ', 'ബ്രാൻഡ് ഇൻ ഇന്ത്യ' എന്നിവയിൽ അധിഷ്ഠിതമായിരിക്കണം ഇന്ത്യയുടെ ലക്ഷ്യങ്ങൾ. ലോകം ഇതുവരെ ഇന്ത്യൻ എൻജിനീയർമാരുടെ കഴിവുകളെയാണ് അംഗീകരിച്ചതെങ്കിൽ, ഇനി ഇന്ത്യൻ സാങ്കേതികവിദ്യയുടെ കരുത്ത് കൂടി ലോകം കാണണമെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മൊത്തം എൻറോൾമെന്റ് റേഷ്യോ നിലവിൽ 30 ശതമാനത്തോളമാണെന്നും, കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഇത് 50 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും വിഐടി വി.സി ജി. വിശ്വനാഥൻ പറഞ്ഞു. ഇന്ത്യയിൽ നിലവിൽ 1,400ഓളം സർവകലാശാലകളും 54,000 കോളേജുകളും 16,000 സ്റ്റാൻഡ്എലോൺ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടെന്നും, ഏകദേശം 4.5 കോടി വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരും മധ്യവർഗത്തിൽപ്പെട്ടവരുമായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സംസ്ഥാനകേന്ദ്ര സർക്കാരുകളുടെ സംയുക്ത ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിസിഎസ് വൈസ് പ്രസിഡന്റും സിടിഒയുമായ ബാബു ഉണ്ണികൃഷ്ണനും ചടങ്ങിൽ സംസാരിച്ചു.
ചടങ്ങിൽ ആകെ 11,276 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി - ഇതിൽ 7,359 പേർ ബിരുദ തലത്തിലും 3,917 പേർ ബിരുദാനന്തര ബിരുദ തലത്തിലുമാണ്. ഇവരിൽ 6,046 പേർ ബി.ടെക്, 1,732 പേർ എം.ടെക്, 1,313 പേർ മറ്റ് ബിരുദ കോഴ്‌സുകൾ, 2,185 പേർ എംഎസ്‌സി, മറ്റ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ എന്നിവ പൂർത്തിയാക്കിയവരാണ്. കൂടാതെ, 781 വിദ്യാർത്ഥികൾ പിഎച്ച്ഡി ബിരുദങ്ങളും മൂന്ന് പേർ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി ബിരുദങ്ങളും നേടി. മികച്ച വിജയം നേടിയ 248 വിദ്യാർഥികൾക്ക് അക്കാദമിക് മികവിനുള്ള സർട്ടിഫിക്കറ്റുകളും 84 പേർക്ക് സ്വർണമെഡലുകളും നൽകി.
വിഐടിയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ബാക്ടീരിയോഫേജ് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസും മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തിരുന്നു.
വിഐടി വൈസ് പ്രസിഡന്റുമാരായ ശങ്കർ വിശ്വനാഥൻ, ശേഖർ വിശ്വനാഥൻ, ജി.വി. സെൽവം, എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്ധ്യ പെന്ററെഡ്ഡി, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കാദംബരി എസ്. വിശ്വനാഥൻ, രമണി ബാലസുന്ദരം, വൈസ് ചാൻസലർ വി.എസ്. കാഞ്ചന ഭാസ്‌കരൻ, പ്രോവൈസ് ചാൻസലർ പാർഥസാരഥി മല്ലിക്, രജിസ്ട്രാർ ടി. ജയഭാരതി എന്നിവരും ഡീനുകൾ, പ്രൊഫസർമാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Delhi CM Rekha Gupta spoke at the 41st convocation of VIT Vellore., Urged graduates to shift from AI consumers to AI creators., Highlighted government investments via India AI Mission in semiconductors, robotics, and biotechnology., Over 11,200 students received degrees at the VIT convocation ceremony.
Published: 24 Aug 2026, 11:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented