നന്നമ്പ്ര: പദ്ധതികളും ജനസേവനങ്ങളുമായി തിരക്കേറിയ ദിനങ്ങളിലാണെങ്കിലും സൗദ മരക്കാരുട്ടിയുടെ അടുക്കളത്തോട്ടം തിളങ്ങി നിൽക്കുന്നു. നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡ് അംഗം ചെറുമുക്കിലെ സൗദ മരക്കാരുട്ടിയാണ് വാർഡിലെ വീട്ടുകാർക്കെല്ലാം മാതൃക കാണിച്ച് അടുക്കളത്തോട്ടം പരിപാലിക്കുന്നത്. ഭർത്താവ് അരീക്കാട്ട് മരക്കാരുട്ടിക്കൊപ്പം നെൽക്കൃഷിയിലും പച്ചക്കറിക്കൃഷിയിലും നേരത്തേ സജീവമാണ് സൗദ.

To advertise here,

വിഷരഹിത പച്ചക്കറിക്കൃഷി ആരംഭിക്കുന്നതിന് മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുന്നതിനാണ് അടുക്കളത്തോട്ടം വിപുലപ്പെടുത്തിയത്. വീട്ടിലേക്കാവശ്യമായ തക്കാളി, വെണ്ടയ്ക്ക, പയർ, പച്ചമുളക്, വഴുതനങ്ങ തുടങ്ങീ വിപുലമായ പച്ചക്കറിക്കൃഷിയാണ് ഇവർ വീട്ടുമുറ്റത്ത് പരിപാലിക്കുന്നത്. ഔഷധസസ്യങ്ങളും ഇവരുടെ തോട്ടത്തിൽ പരിപാലിക്കുന്നുണ്ട്. പൂർണമായും ജൈവകൃഷിരീതിയിലൂടെ വിളവെടുക്കുന്ന പച്ചക്കറി വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതോടെ ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിക്കുന്നു.

കൃഷിവകുപ്പും ഗ്രാമപ്പഞ്ചായത്തും നടപ്പാക്കുന്ന കാർഷിക പദ്ധതികൾ വാർഡിൽ സജീവമാക്കുന്നതിനും സൗദ പ്രാധാന്യം നൽകുന്നുണ്ട്. വീടുകളിൽ വിത്തുകളും തൈകളും വിതരണംചെയ്ത് കൃഷിക്കാവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നുണ്ട്. അടുക്കള പച്ചക്കറിത്തോട്ടം ആരംഭിക്കുന്നതിന് കുടുംബശ്രീ കൂട്ടാഴ്മകൾ ഉപയോഗപ്പെടുത്തി സ്ത്രീകളടക്കമുള്ളവർക്ക് സഹായങ്ങളും നിർദ്ദേശങ്ങളും ഈ ഗ്രാമപ്പഞ്ചായത്തംഗം ഉറപ്പുവരുന്നുണ്ട്. ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ നന്നമ്പ്രയിൽ നെൽക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വയൽ സംരക്ഷണ പ്രവർത്തനങ്ങളും നന്നമ്പ്രയിൽ സജീവമാണ്. വാർഡിലെ എല്ലാവീടുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമിക്കുന്നതിന് വീട്ടുകാരെ പ്രാപ്തരാക്കി കൃഷിയിൽ പങ്കാളിത്തം വർധിപ്പിക്കുകയെന്നത് വികസനലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് സൗദ മരക്കാരുട്ടി പറയുന്നു.