ജോലിതേടിയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ തേടിയും വന്‍നഗരങ്ങളിലേക്ക് ചേക്കേറുന്ന ആളുകളുടെ എണ്ണത്തില്‍ ഒരുകാലത്തും കുറവുണ്ടായിട്ടില്ല. മുംബൈ, ഡല്‍ഹി, പുണെ, ചെന്നൈ തുടങ്ങിയ മെട്രോനഗരങ്ങളാകട്ടെ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങള്‍ കൂടിയാണ്. ഇവിടങ്ങില്‍ താമസമാക്കിയവര്‍ക്കായി ദിനംപ്രതി നിരവധി അംബരചുംബികളാണ് നിര്‍മാണമാരംഭിക്കുന്നത്. ഒറ്റയായ വീടുകള്‍ക്ക് സ്ഥലം ലഭിക്കാനില്ലെന്നതും സ്ഥലത്തിന്റെ വിലക്കൂടുതലും ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ ആളുകളെ എന്നോ മാനസികമായി സജ്ജരാക്കിക്കഴിഞ്ഞു.  

To advertise here,

"ഒരു സാധാരണക്കാരന് എങ്ങനെയാണ് ഒരു വീട് സ്വന്തമാക്കാന്‍ സാധിക്കുക" എന്ന ചോദ്യവുമായാണ് ഡല്‍ഹിയില്‍ നിന്നുള്ള കാശീഷ് ഛിബ്ബര്‍ എന്ന എന്‍ജിനീയര്‍ തന്റെ പുതിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നോയിഡയില്‍ നിര്‍മാണത്തിലിരിക്കുന്ന അപാര്‍ട്‌മെന്റുകളുടെ ദൃശ്യങ്ങളുമായാണ് 'വിറ്റി എന്‍ജിനീയര്‍' എന്ന യൂസര്‍നെയിമുള്ള കാശിഷിന്റെ വൈറല്‍ വീഡിയോ. നാല് ബെഡ്‌റൂം ഫ്‌ളാറ്റിന് 15 കോടി രൂപയും ആറ് ബെഡ്‌റൂം ഫ്‌ളാറ്റിന് 25 കോടി രൂപയുമാണ് വിലയെന്ന് സരസമായി പറയുകയാണ് കാശീഷ്. 

"ആര്‍ക്കാണ് ഈ അപാര്‍ട്‌മെന്റുകള്‍ വാങ്ങാന്‍ സാധിക്കുകയെന്ന് വണ്ടറടിക്കുകയാണ് ഞാന്‍. ഇവ വാങ്ങുന്നവര്‍ ഏതുതരത്തിലുള്ള ഉദ്യോഗമുള്ളവരായിരിക്കും? ഞാന്‍ വേറെ ഏതെങ്കിലും ജോലികളിലേക്ക് മാറിയാലോ, ട്രേഡിങ് നടത്തിയാലോ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തിയാലോ ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു അപാര്‍ട്‌മെന്റ് ഉറപ്പായും വാങ്ങാനാകില്ല", കാശീഷ് പറയുന്നു. കാശീഷിന്റെ വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നിരവധി പേര്‍ പോസ്റ്റിന് കമന്റുമായെത്തി. 

വീട് വാങ്ങുന്നതിനെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ മാത്രം വിഷമിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു, ഇതിപ്പോള്‍ ഞങ്ങളേയും കൂടി വിഷമത്തിലാക്കിയില്ലേ", എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വീടുകളുടെ വിലവര്‍ധനവിനെക്കുറിച്ച് നിരവധിയാളുകള്‍ ആശങ്ക പ്രകടിപ്പിച്ചു.  യുവാക്കളെല്ലാവരും കൂടി ഒരുകൊല്ലം വീട് വാങ്ങുന്നത് നിര്‍ത്തിവെച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വില പകുതിയോളം കുറയുമെന്നാണ് ഒരാള്‍ നല്‍കിയ നിര്‍ദേശം. രണ്ട് കോടി രൂപയ്ക്ക് സ്ഥലം വാങ്ങി മൂന്ന് കോടി രൂപയ്ക്ക് ബംഗ്ലാവ് പണിത് രാജാവിനെപ്പോലെ ജീവിക്കാനാണ് മറ്റൊരാളുടെ അഭിപ്രായം. 

ഫ്‌ളാറ്റുകളില്‍പ്പോലും ഒരിടം സ്വന്തമാക്കാന്‍ കഴിയാത്തവരാണധികവും. സാധാരണക്കാര്‍ക്ക് പലപ്പോഴും താങ്ങാനാകാത്തതാണ് വീടുകളുടെ വിലയെന്നതാണ് യാഥാര്‍ഥ്യം. പലപ്പോഴും ലക്ഷങ്ങളാണ് ഇത്തരമൊരു പാര്‍പ്പിടത്തിന് നല്‍കേണ്ടി വരിക. ഈ വീടുകള്‍ക്ക് പലപ്പോഴും ഉയര്‍ന്ന വാടക നല്‍കേണ്ടി വരും. കിട്ടുന്ന വരുമാനത്തില്‍നിന്ന് വാടകയിനത്തില്‍ വലിയ തുക നല്‍കുന്നതോടെ മറ്റുചെലവുകളും കഴിഞ്ഞ് സമ്പാദ്യമായി ഒന്നു കരുതി വെക്കാനാകില്ലെന്നതും സ്വന്തമായൊരു വീടെന്ന സ്വപ്‌നത്തിന് പോലും സാധാരണക്കാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നതും സത്യമാണ്.